മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം വിജയ രാഘവന് നേടിക്കൊടുത്ത ചിത്രമായിരുന്നു പൂക്കാലം. സിനിമയിൽ ഇത്രയും കാലം ഉള്ള എക്സ്പീരിയൻസ് കൊണ്ടല്ല ആ കഥാപാത്രം ചെയ്യാനായതെന്നും നാടകത്തിൽ അഭിനയിച്ചതു എന്നുള്ള എക്സ്പീരിയൻസ് കൊണ്ടാണെന്നും വിജയ രാഘവൻ പൂക്കാലത്തിലെ വേഷത്തെക്കുറിച്ച് മനസ് തുറക്കുകയുണ്ടായി. 'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന റിപ്പോർട്ടർ ടി വി അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ നിരീക്ഷണം.
'പൂക്കാലം എന്ന ചിത്രം വളരെ യാദൃശ്ചികമായാണ് തന്നിലേക്കു എത്തിയത്. ആദ്യം സംവിധായകനും നിർമ്മാതാവിനും ഒരു കോൺഫിഡൻസ് കുറവ് ഉണ്ടായിരുന്നതായി തോന്നിയിരുന്നു. എന്നാൽ പിന്നീട് താൻ തന്നെ ഈ വേഷം ചെയ്യണമെന്നായി. കഥാപാത്രത്തിനായി പത്ത് കിലോ ഭാരം കുറച്ചു.' വിജയരാഘവന്റെ 'പൂക്കാലം' ഷൂട്ടിങ് ഓർമകൾ ഇങ്ങനെ.
'കഥാപാത്രത്തിനായി മൂന്നര മണിക്കൂർ മേക്കപ്പ് ചെയ്യണമായിരുന്നു. കൂടുതൽ ചിരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ല. മുഖത്തെ ചുളിവുകൾ ഇളകി വരും. രാവിലെ ഭക്ഷണം കഴിച്ചാൽ പിന്നെ ഷൂട്ട് കഴിയണം കഴിക്കാൻ. ഇതൊന്നും ഒരു ബുദ്ധിമുട്ടായിരുന്നില്ല. എന്നാൽ ഡബ്ബിങ്ങിൽ ആണ് കുഴഞ്ഞത്. 15 ദിവസം എടുത്താണ് ഡബ്ബിങ് പൂർത്തിയാക്കിയത്. ആശുപത്രിയിൽ പോകേണ്ടി വന്നു. സൗണ്ട് ഇൻഫെക്ഷൻ വന്നു. അഞ്ചു ദിവസം മിണ്ടാതിരുന്നിട്ടാണ് പിന്നീട് ഡബ്ബിങ് തുടരുന്നത്'. വിജയരാഘവൻ കൂട്ടിച്ചേർത്തു.
കിഷ്കിന്ധാ കാണ്ഡം സെപ്റ്റംബർ 12 ന് ഓണം റിലീസായി തിയേറ്ററിലെത്തും. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.