വിവാഹമോചനത്തെ കുറിച്ചുള്ള ജയം രവിയുടെ പോസ്റ്റ് തന്റെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നുവെന്ന് ഭാര്യ ആര്‍തി രവി. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ജയം രവിയുമായി തുറന്ന സംഭാഷണം നടത്താൻ ശ്രമിച്ചിരുന്നു എന്നാൽ ആ ശ്രമങ്ങൾ പാഴായെന്നും ആര്‍തി രവി പറയുന്നു.
ജയം രവിയുടെ പെട്ടന്നുള്ള ഈ പ്രഖ്യാപനം തന്നെ ഞെട്ടിച്ചെന്നും 18 വർഷത്തെ ബന്ധത്തിന് ശേഷം ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുമ്പോൾ അത് പരസ്പര ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടതായിരുന്നെന്നും ആര്‍തി കുറിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ജയം രവിയ്ക്കെതിരെ ആർതി സംസാരിച്ചത്.
'ഒരുപാട് വേദനയുളവാക്കുന്നതായിട്ടും പരസ്യ പ്രതികരണത്തില്‍ നിന്നു വിട്ടുനില്‍ക്കാനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കു ശേഷം സമൂഹം എന്റെ മേൽ അന്യായമായി കുറ്റം ചുമത്തുകയും എന്റെ വ്യക്തിത്വത്തെ കടന്നാക്രമിക്കുകയും ചെയ്യുകയാണ്. ഒരു അമ്മയെന്ന നിലയിൽ എന്റെ പ്രഥമ പരിഗണന എപ്പോഴും എന്റെ കുട്ടികളുടെ ക്ഷേമത്തിനായിരിക്കും. ഈ സമൂഹ വിചാരണ അവരെ ബാധിക്കുമ്പോൾ എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ല, കൂടാതെ ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയാതിരിക്കാനും കഴിയില്ല', എന്നും ആര്‍തി രവി സോഷ്യൽ മീഡിയയിൽ കുറിച്ചു.
തങ്ങൾക്കിടയിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന സത്യം കാലം തെളിയിക്കുമെന്ന് വിശ്വസിക്കുന്നെന്നും ആർതി രവി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് 15 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് ജയം രവി രംഗത്തെത്തിയത്. 2009-ലാണ് നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആർതിയും ജയം രവിയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്.