നിതേഷ് തിവാരി സംവിധാനം ചെയ്ത് രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'രാമായണ'. വലിയ ബഡ്ജറ്റിൽ രാമായണത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും രാവണനായി യാഷും വേഷമിടുന്നു. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിച്ചിരുന്നു. രൺബീർ കപൂറും സായ് പല്ലവിയും ഉൾപ്പെടുന്ന ഭാഗങ്ങളായിരുന്നു ആദ്യം ചിത്രീകരിച്ചത്. സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. രാമായണം ഒന്നാം ഭാഗത്തിൻ്റെ 90 ശതമാനത്തോളം ഷൂട്ടിങ്ങ് രൺബീർ കപൂർ പൂർത്തിയാക്കിയെന്നും രാവണനായിയെത്തുന്ന യാഷ് ചിത്രത്തിൽ ഡിസംബറിൽ ജോയിൻ ചെയ്യുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിൻ്റെ പ്രധാന ഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും യാഷ് ഈ ചിത്രത്തിലേക്ക് എത്തുക. രാമായണത്തിലെ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കാൻ യാഷ് വളരെ ആവേശത്തിലാണെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.
ചിത്രത്തിൽ ഹനുമാനായി എത്തുന്നത് സണ്ണി ഡിയോൾ ആണ്. 2025 ലായിരിക്കും സണ്ണി ഡിയോളിന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുക. 2025-ൻ്റെ പകുതിയോടെയാണ് നിതേഷ് തിവാരിയും സംഘവും യാഷ്, സണ്ണി ഡിയോൾ എന്നിവരുമായുള്ള രൺബീർ കപൂറിൻ്റെ കോമ്പിനേഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ പദ്ധതിയിടുന്നത്.
2026ൽ റിലീസ് ചെയ്യുന്ന രാമായണത്തിൻ്റെ അനൗസ്മെൻ്റ് വീഡിയോ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. 2025 ആഗസ്റ്റിൽ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. 'ഇൻ്റർസ്റ്റെല്ലാർ', 'ഡാർക്ക് നൈറ്റ് റൈസസ്' തുടങ്ങിയ ക്രിസ്റ്റഫർ നോളൻ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ഹാൻസ് സിമ്മറും എ ആർ റഹ്മാനും ചേർന്നാണ് രാമായണത്തിനായി സംഗീതമൊരുക്കുന്നതെന്ന വാർത്ത മുൻപ് പുറത്തു വന്നിരുന്നു.