മാമന്നന് ശേഷം മാരി സെൽവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വാഴൈ ഈ മാസം ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 27 മുതൽ സിനിമ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിവസങ്ങളിൽ തമിഴിൽ മാത്രമാകും സിനിമ സ്ട്രീം ചെയ്യുക. പിന്നീട് മറ്റ് ഭാഷകളിലും സിനിമ ലഭ്യമാകുമെന്നാണ് സൂചന.
സംവിധായകൻ മാരി സെൽവരാജിന്റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കി ഒരുക്കിയ ചിത്രമാണ് വാഴൈ. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ. 'കർണൻ', 'മാമന്നൻ' എന്നീ സിനിമകൾക്ക് ശേഷം മാരി സെൽവരാജ് - തേനി ഈശ്വർ കോംബോയിലെത്തിയ ചിത്രമാണിത്.
നിഖില വിമൽ, കലൈയരസൻ, ദിവ്യ ദുരൈസാമി, ജാനകി, പ്രിയങ്ക നായർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ മണി രത്നം 'വാഴൈ' കണ്ടതിന് ശേഷം മാരി സെൽവരാജിനെയും ചിത്രത്തെയും പ്രശംസിച്ചിരുന്നു. മാരി സെൽവരാജ് ഒരു സ്പെഷ്യൽ ഫിലിം മേക്കർ ആണെന്നും തമിഴ് ഇൻഡസ്ട്രിയിലെ ഏറ്റവും ഉറച്ച ശബ്ദങ്ങളിൽ ഒന്നാണ് എന്നുമാണ് മണിരത്നം അഭിപ്രായപ്പെട്ടത്.