കാർത്തി, അരവിന്ദ് സാമി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മെയ്യഴകൻ'. ചിത്രത്തിൻ്റെ കഥ എഴുതുന്ന സമയത്ത് അതൊരു സിനിമയായല്ല ബുക്കായാണ് പ്ലാൻ ചെയ്തതെന്നും രജനി സാറിനെയും കമൽ സാറിനെയും ആയിരുന്നു
കഥാപാത്രങ്ങളായി ആദ്യം മനസ്സിൽ കണ്ടതെന്നും സംവിധായകൻ പ്രേംകുമാർ വ്യക്തമാക്കി. കാർത്തി അവതരിപ്പിച്ച കഥാപാത്രത്തിൽ രജനി സാറും അരവിന്ദ് സാമിയുടെ കഥാപാത്രത്തിൽ കമൽ സാറും ആയിരുന്നു തൻ്റെ മനസ്സിൽ ഉണ്ടായിരുന്നത്. കഥ എഴുതി കഴിഞ്ഞതിന് ശേഷമാണ് ഇതൊരു സിനിമയാക്കിയാൽ നന്നായിരിക്കുമെന്ന് തനിക്ക് തോന്നിയതെന്നും പ്രേംകുമാർ സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിറയെ എക്സ്പ്രെസൻസും കഥാപാത്രങ്ങൾക്കിടയിൽ ഒരുപാട് മാറ്റങ്ങളും വരുന്ന ഒരു കഥയാണ് 'മെയ്യഴക'ൻ്റേത്. വളരെ എക്സ്പ്രെസീവ് ആയ രണ്ടു മുഖങ്ങൾ ഈ കഥാപാത്രത്തിനായി എനിക്ക് വേണമായിരുന്നു. റിയൽ ലൈഫിൽ അത്തരത്തിൽ ഒരാളേയും എനിക്ക് അറിയില്ല. അതുകൊണ്ട് ആ രണ്ടു കഥാപാത്രങ്ങൾ എഴുതുമ്പോൾ രജനി സാറും കമൽ സാറുമായിരുന്നു എൻ്റെ മനസ്സിൽ. എന്നാണ് പ്രേംകുമാർ പറഞ്ഞത്.
വലിയ വിജയം നേടിയ '96' എന്ന ചിത്രത്തിന് ശേഷം പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മെയ്യഴകൻ'. സെപ്റ്റംബർ 27ന് ചിത്രം തിയറ്ററിലെത്തും. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. '96'ന് ശേഷം, സംവിധായകൻ പ്രേം കുമാറും സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും 'മെയ്യഴക'നുണ്ട്. സംഗീതത്തിന് പ്രധാന്യം നൽകി ഇമോഷണൽ ഫീൽഗുഡ് ജോണറിലാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.
ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഹേന്ദ്രൻ രാജു ഛായാഗ്രഹണം നിർവ്വഹിക്കുന്ന മെയ്യഴകനായി, ആർ. ഗോവിന്ദരാജാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. കാർത്തിയുടെ 27-ാമത്തെ ചിത്രമാണ് 'മെയ്യഴകൻ'.