നടന്മാരായ ടൊവിനോ തോമസിനും ആസിഫ് അലിക്കും ആൻ്റണി പെപ്പേക്കുമെതിരെ നടിയും നിർമാതാവുമായ ഷീലു അബ്രഹാം. പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദിയെന്നും സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകരെന്നും ഷീലു അബ്രഹാം ഫേസ്ബുക്കിൽ കുറിച്ചു. ഓണത്തിന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് മൂവരും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. അഭിനേതാക്കളുടെ ഈ ഒത്തൊരുമയെ പ്രശംസിച്ച് നിരവധി കമൻ്റുകളാണ് വീഡിയോക്ക് താഴെ വന്നത്. എന്നാൽ ആ വീഡിയോയിൽ തങ്ങളുടെ ചിത്രമായ ബാഡ് ബോയ്സ് ഒപ്പം കുമ്മാട്ടിക്കളി, ഗാംങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നീ സിനിമകളെക്കുറിച്ച് പരാമർശിച്ചില്ല എന്നാരോപിച്ചാണ് ഷീലു അബ്രഹാം രംഗത്തെത്തിയത്.
ഷീലു അബ്രഹാമിന് സപ്പോർട്ടുമായി സംവിധായകൻ ഒമർ ലുലുവും എത്തി. നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ട്ടപ്പെട്ട് വന്നവരല്ലേ, എല്ലാ സിനിമകൾക്കും ഒരേ കഷ്ട്ടപ്പാടല്ലേ, എന്തിനാണ് ഞങ്ങളെ അവഗണിച്ചത് എന്നാണ് ഷീലു എബ്രഹാമിൻ്റെ പോസ്റ്റിന് താഴെ ഒമർ ലുലു കമൻ്റ് ചെയ്തത്. കുറ്റപ്പെടുത്തുന്നവർക്ക് കുറ്റപ്പെടുത്താം, പക്ഷെ അവഗണിക്കപ്പെടുന്നവർക്കേ അതിന്റെ വേദന അറിയൂ എന്നും ഷീലു എബ്രഹാം പോസ്റ്റിൽ കൂട്ടിച്ചേർത്തു.
പ്രിയപ്പെട്ട ടൊവിനോ,ആസിഫ്, പെപ്പെ, “പവർ ഗ്രൂപ്പുകൾ "പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി !!! നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ,നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്. എന്നാൽ ഞങ്ങളുടെ "BAD BOYZ ഉം പിന്നെ കുമ്മാട്ടിക്കളിയും, GANGS ഓഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്. സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ ..!!! നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവർക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ, എന്നാണ് ഷീലു അബ്രഹാമിൻ്റെ പോസ്റ്റിൻ്റെ പൂർണ്ണ രൂപം.
ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണവും ആസിഫ് അലി നായകനാകുന്ന കിഷ്കിന്ധാ കാണ്ഡവും ഇന്ന് തിയേറ്ററിൽ എത്തി. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ആന്റണി വർഗീസ് പെപ്പെയുടെ കൊണ്ടൽ, ഒമർ ലുലു ചിത്രമായ ബാഡ് ബോയ്സ് നാളെ തിയേറ്ററുകളിലെത്തും. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് കടലിൽ വെച്ച് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങള്‍ ആണ്. കന്നഡ നടൻ രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമിച്ചിരിക്കുന്നത്.