വിജയ്ക്കും കമൽ ഹാസനും പിന്നാലെ രജനിയും, വേട്ടയ്യൻ കേരള വിതരണാവകാശം ഗോകുലം മൂവീസിന്

തങ്കലാൻ, ലിയോ, ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, ഇന്ത്യൻ 2 എന്നീ സിനിമകൾ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസ് ആയിരുന്നു.

dot image

സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യൻ' സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവിസ്. രജനികാന്തിൻ്റെ മുൻ ചിത്രങ്ങളായ ജയിലറും ലാൽ സലാമും കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു.

'കേരളത്തിലെ വേട്ടയ്യൻ്റെ വിതരണത്തിനായി ഗോകുലം മൂവീസുമായി വീണ്ടും ഒന്നിക്കുന്നതിൻ്റെ ആവേശത്തിലാണ് ഞങ്ങള്‍. 'ചേട്ടൻ' ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്ക് വരുകയാണ്,' എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിൻ്റെ നി‍ർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ 'മനസിലായോ' എന്ന ഗാനത്തില്‍ ചേട്ടന്‍ എന്നാണ് രജനികാന്ത് കഥാപാത്രത്തെ വിളിക്കുന്നത്. രജനികാന്തിനൊപ്പം മഞ്ജു വാര്യറും ആടിതിമിര്‍ത്ത ഈ പാട്ടിലെ മലയാള ഭാഷാ പ്രയോഗങ്ങളും 'ചേട്ടന്‍' വിളിയും മലയാളികള്‍ക്കിടയിലും ട്രെന്‍ഡിങ്ങായിരുന്നു.

ഒരു പൊലീസ് ഓഫീസറായാണ് രജനികാന്ത് വേട്ടയ്യനില്‍ അഭിനയിക്കുന്നത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിങ്ങനെ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

വ്യാജ ഏറ്റുമുട്ടല്‍കൊലകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോർട്ട്. തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിനൊരുങ്ങുന്നത്. മലയാളത്തിലേക്ക് ചിത്രം മൊഴിമാറ്റം നടത്തുന്നില്ലെങ്കിലും മലയാളി അഭിനേതാക്കളുടെ സാന്നിധ്യവും ചിത്രത്തിന്‍റെ കഥാപരിസരത്തില്‍ കേരളം കടന്നുവരാനുള്ള സാധ്യകളും കാണികളെ നേടിക്കൊടുമെന്നാണ് ശ്രീഗോകുലം മൂവിസിന്‍റെ പ്രതീക്ഷ. തമിഴ് ഭാഷയില്‍ തന്നെ റിലീസിനെത്തിയ ലിയോ, തങ്കലാൻ, ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, ഇന്ത്യൻ 2 എന്നീ സിനിമകൾ വിതരണത്തിനെത്തിച്ചതും ശ്രീഗോകുലം മൂവീസായിരുന്നു.

dot image
To advertise here,contact us
dot image