2023 ല്‍ ബോളിവുഡ് കണ്ട ഏറ്റവും വലിയ തിരിച്ചുവരവായിരുന്നു ഷാരൂഖ് ഖാന്‍റേത്. രണ്ട് 1000 കോടി ചിത്രമുൾപ്പടെ മൂന്ന് വലിയ വിജയ ചിത്രങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ഷാരൂഖിന്‍റേതായി പുറത്തുവന്നത്. ഹാട്രിക് വിജയത്തിന് ശേഷമുള്ള അടുത്ത ഷാരൂഖ്
ചിത്രത്തിനായി ആരാധകരെല്ലാം കാത്തിരിക്കുകയാണ്.
'ബദ്‌ലാ', 'കഹാനി' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സുജോയ് ഘോഷിനൊപ്പമാണ് ഷാരൂഖിന്റെ അടുത്ത ചിത്രമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. 'കിങ്ങ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ ഇപ്പോൾ വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിൽ ആരംഭിക്കുമെന്നും ചിത്രം 2026 ഈദ് റിലീസായി ആണ് പുറത്തിറങ്ങാൻ പ്ലാൻ ചെയ്തിരിക്കുന്നതെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
ഷാരൂഖ് ഖാനൊപ്പം മകൾ സുഹാന ഖാനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുംബൈയിൽ ആരംഭിക്കുന്ന ചിത്രം തുടർന്ന് യൂറോപ്പിലേക്ക് ഷിഫ്റ്റ് ചെയ്യുകയും സെപ്റ്റംബർ വരെ ചിത്രത്തിന്റെ ഷൂട്ട് നീളുമെന്നുമാണ് റിപ്പോർട്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. 'മുഞ്ജ്യ' എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ അഭയ് വർമയും 'കിങ്ങി'ൽ അഭിനയിക്കുന്നുണ്ട്.
സംവിധായകൻ സിദ്ധാർഥ് ആനന്ദിന്റെ ബാനറായ മാർഫ്ലിക്സ്, റെഡ് ചില്ലീസ് എന്റർടൈൻമെൻറ്റിന്റെ ബാനറിൽ ഗൗരി ഖാൻ എന്നിവര്‍ ചേർന്നാണ് 'കിങ്' നിർമിക്കുന്നത്. അനിരുധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നതെന്നാണ് വാര്‍ത്തകള്‍. ജവാന് ശേഷം അനിരുധ് - ഷാരൂഖ് കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാകും 'കിങ്'. സോയ അക്തർ സംവിധാനം ചെയ്ത 'ദി ആർച്ചീസ്' എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലൂടെയാണ് സുഹാന ഖാൻ സിനിമാരംഗത്തേക്ക് ചുവടുവക്കുന്നത്. കിങ്ങിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.