അപ്രതീക്ഷിതമായിട്ടായിരുന്നു നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത സ്‌ക്വിഡ് ഗെയിം എന്ന സീരിസ് ലോകമെമ്പാടും ഹിറ്റായത്. കൊറിയൻ ഭാഷയിൽ പുറത്തിറങ്ങിയ സീരിസിനെ പിന്നീട് നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുക്കുകയായിരുന്നു. 2021 കോവിഡ് കാലത്ത് സ്ട്രീം ചെയ്ത സീരിസിന്റെ ആദ്യ ഭാഗം നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച സീരിസ് കൂടിയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2024 ഡിസംബർ 26 ന് സ്‌ക്വിഡ് ഗെയിം സീസൺ 2 പ്രീമിയർ ചെയ്യാൻ പോവുകയാണ്.
എന്നാൽ സീരിസിനെതിരെയും നെറ്റ്ഫ്‌ളിക്‌സിനെതിരെയും കോപ്പിയടി ആരോപണം ഉയർന്നിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ സംവിധായകനായ സോഹം ഷായാണ് സീരിസിനെതിരെ നിയമനടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2009 ൽ റിലീസ് ചെയ്ത തന്റെ ഹിന്ദി ചിത്രം ലക്കിന്റെ കോപ്പിയടിയാണ് ചിത്രമെന്നാണ് സോഹം ഷാ ആരോപിക്കുന്നത്.
തന്റെ സിനിമയുടെ തീം കോപ്പിയടിച്ചാണ് കൊറിയൻ എഴുത്തുകാരൻ ഹ്വാങ് ഡോങ് ഹ്യൂക്ക് സ്‌ക്വിഡ് ഗെയിം സീരിസിന് തിരക്കഥ ഒരുക്കിയതെന്നാണ് സോഹം ഷായുടെ ആരോപണം. പണം സമ്പാദിക്കുന്നതിനായി ഒരുകൂട്ടം ആളുകൾ വെല്ലുവിളി നിറഞ്ഞ ഗെയിമുകളിൽ പങ്കെടുക്കുന്നതും ഈ ഗെയിമുകൾ പങ്കെടുക്കുന്നവരുടെ ജീവൻ എടുക്കുന്നതുമായിരുന്നു ലക്ക് എന്ന സിനിമയുടെ പ്രമേയം. ഒരോ കളിക്കാരൻ മരിക്കുമ്പോഴും ജീവിച്ചിരിക്കുന്ന മത്സരാർത്ഥികൾക്കുള്ള സമ്മാനതുക വർധിക്കുമായിരുന്നു. സഞ്ജയ് ദത്ത്, ഇമ്രാൻ ഖാൻ, ശ്രുതി ഹാസൻ, മിഥുൻ ചക്രവർത്തി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്.
സമാനമായ പശ്ചാത്തലത്തിലാണ് സ്‌ക്വിഡ് ഗെയിം സീരിസിന്റെയും കഥ നടക്കുന്നത്. 2006 ലാണ് തന്റെ സിനിമയ്ക്കായി കഥ എഴുതിയതെന്നും പിന്നീട് 2009 ൽ ഇന്ത്യ, യുകെ. യുഎസ്. യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്‌തെന്നും സോഹം ഷാ തന്റെ പരാതിയിൽ പറയുന്നുണ്ട്. സ്‌ക്വിഡ് ഗെയിം എഴുത്തുകാരനായ ഹ്വാങ് ഡോങ് ഹ്യൂക്കിന് ഈ സിനിമ വളരെ എളുപ്പത്തിൽ കാണാൻ സാധിക്കുമായിരുന്നെന്നും സംവിധായകൻ ആരോപിക്കുന്നു.
നെറ്റ്ഫ്‌ളിക്‌സിന്റെ വിപണി മൂല്യം 900 മില്ല്യൺ ഡോളറിലധികമാക്കിയത് സ്‌ക്വിഡ് ഗെയിം സീരിസായിരുന്നു. ഇതിനിടെ സോഹം ഷായുടെ ആരോപണം നിഷേധിച്ച് നെറ്റ്ഫ്‌ളിക്‌സ് രംഗത്ത് എത്തി. ആരോപണങ്ങൾക്ക് ഒരു മെറിറ്റുമില്ലെന്നും സീരിസ് സൃഷ്ടിച്ചതും അത് പൂർണമായി എഴുതിയതും ഹ്വാങ് ഡോങ് ഹ്യൂക്ക് ആണെന്നുമാണ് നെറ്റ്ഫ്‌ളിക്‌സ് പറയുന്നത്.