
ഡിജിറ്റൽ ലോകത്ത് ഏറെ ആരാധകരുള്ള കോൺടെന്റ് ക്രിയേറ്റേഴ്‌സ് ആണ് കരിക്ക്. കോമഡി വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച കരിക്ക് ടീം പിന്നീട് സിനിമയെ വെല്ലുന്ന തരത്തിൽ സീരിസുകളും വീഡിയോകളും പുറത്തിറക്കിയിരുന്നു. കരിക്ക് ഹിറ്റായതിന് പിന്നാലെ എല്ലാ ഓണത്തിനും കരിക്ക് ടീം പ്രേക്ഷകർക്കായി പ്രത്യേക വീഡിയോ പുറത്തിറക്കാറുണ്ടായിരുന്നു.
ഇത്തവണയും പതിവ് തെറ്റിക്കാതെ ഓണത്തിന് വീഡിയോയുമായി എത്തിയിരിക്കുകയാണ് കരിക്ക്. മുൻകാലങ്ങളിൽ ഓണാഘോഷവുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണ് കരിക്ക് ടീം ഇറക്കിയിരുന്നെങ്കിൽ ഇത്തവണ പക്ഷേ കുറച്ച് വ്യത്യസ്തമാണ്. ജാം എന്ന പേരിൽ പുറത്തിറക്കിയ വീഡിയോ കോമഡിക്കൊപ്പം ഹൊറർ ഫീലും കൂടി തരുന്നുണ്ട്.
കോൺടെന്റ് വീഡിയോയുടെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ബിനോയ് ജോൺ ആണ് പുതിയ വീഡിയോയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കരിക്ക് ടീമാണ് ഡയലോഗ് ഒരുക്കിയിരിക്കുന്നത്.
ആനന്ദ് മാത്യൂസ്, സിദ്ധാർത്ഥ് കെടി, അഭിജിത് കൃഷ്ണൻ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ. കരിക്കിലെ അഭിനേതാക്കളിൽ ഒരാളായ ആനന്ദ് മാത്യൂസ് തന്നെയാണ് ജാമിന്റെ എഡിറ്റർ. ഷൈൻ ജോസ് ആണ് സംഗീതം.
ശബരീഷ് സജിൻ, ആനന്ദ് മാത്യൂസ്, ഉണ്ണി മാത്യൂസ്, കൃഷ്ണചന്ദ്രൻ (കെസി) അരുൺ രത്തൻ, സിറാജുദ്ദീൻ എ, സായന്ത് സജീവ്, അനിഷ് ഫെർടൽ, ജയിം, ജോൺസ് ജാക്‌സൺ, അജ്‌നാസ്, ഗോപി കൃഷ്ണൻ, വിശാഖ് ബാബു, അമൽ വി അമ്പിളി, വാഹിദലി പിടി, ഡോൺ ലൈജു, ടോണി ജോസഫ്, ശിവ ശങ്കർ എന്നിവരാണ് ജാമിലെ അഭിനേതാക്കൾ.