മലയാളത്തിന്റെ അന്ന ബെന്നും തമിഴ് നടൻ സൂരിയും ഒന്നിച്ച കൊട്ടുകാളി ഒടിടിയിലേക്ക്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ഈ മാസം 20 ന് സിംപ്ലി സൗത്ത് ആപ്പിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ച് അറിയിച്ചിരിക്കുന്നത്.
അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണ് കൊട്ടുകാളി. കൊട്ടുക്കാളിയെന്നാൽ 'The Adamant Girl' അഥവാ 'പിടിവാശിയുള്ളവൾ' എന്നാണർത്ഥം. അന്ധവിശ്വാസം, ജാതി, പാരമ്പര്യം ഇതിൽ മൂന്നിലും ഊന്നിയാണ് പി എസ് വിനോദ് രാജ് തന്റെ രണ്ടാമത്തെ സിനിമയായ കൊട്ടുകാളി അവതരിപ്പിക്കുന്നത്. സിനിമയിൽ പശ്ചാത്തല സംഗീതമില്ല, പകരമുള്ളത് പ്രകൃതിയുടെ പലവിധത്തിലുള്ള ശബ്ദവ്യതിയാനങ്ങളാണ്. വണ്ടികളുടെയും അരുവിയുടെയും ചീവിടുകളുടെയും മനുഷ്യരുടെയും ശബ്ദം.
ചിത്രം നിർമ്മിക്കുന്നത് ശിവകാർത്തികേയന്റെ നിർമ്മാണ കമ്പിനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസാണ്. പി എസ് വിനോദ് രാജാണ് ചിത്രത്തിന്റെ സംവിധാനം. വിനോദ് രാജിന്റെ ആദ്യ ചിത്രമായ 'കൂഴാങ്കൽ' ഇന്ത്യയിൽ നിന്ന് 94-ാമത് ഓസ്കറിൽ പ്രവേശനം നേടിയിരുന്നു. കൂടാതെ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് ടൈഗർ പുരസ്കാരവും ലഭിച്ചിരുന്നു.