അന്ന് കമൽഹാസനൊപ്പം ചെയ്യാനിരുന്ന തിരക്കഥയോ ഇത്?, 'ദളപതി 69' അനൗൺസ്‌മെന്റ് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച

എച്ച് വിനോദ് കമൽഹാസനൊപ്പം ചെയ്യാനിരുന്ന സിനിമയുടെ കഥയാണോ ഇപ്പോൾ ദളപതി 69 ആക്കുന്നത് എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്

dot image

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദളപതി 69' എന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരിക്കുകയാണ്. നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത് പോലെ തന്നെ എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുകയും ചെയ്തിട്ടുണ്ട്. എച്ച് വിനോദ് കമൽഹാസനൊപ്പം ചെയ്യാനിരുന്ന സിനിമയുടെ കഥയാണോ ഇപ്പോൾ ദളപതി 69 ആക്കുന്നത് എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്.


ദളപതി 69 ന്റെ ഒഫീഷ്യൽ പോസ്റ്ററാണ് ഈ സംശയത്തിന് കാരണം. പോസ്റ്ററിൽ ടൈറ്റിലിനൊപ്പം ഒരു വിളക്ക് ഉയർത്തി നിൽക്കുന്ന കൈകൾ കാണിക്കുന്നുണ്ട്. മുമ്പ് കമൽഹാസനെ നായകനാക്കി എച്ച് വിനോദ് പ്രഖ്യാപിച്ച സിനിമയുടെ അനൗൺസ്‌മെന്റും നായക കഥാപാത്രം ഒരു വിളക്ക് ഉയർത്തി നിൽക്കുന്ന തരത്തിലായിരുന്നു. ഈ സാമ്യത ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ സംശയം ഉയർന്നിരിക്കുന്നത്.

2023 ലായിരുന്നു കമൽഹാസൻ-എച്ച് വിനോദ് കൂട്ടുകെട്ടിന്റെ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. കമൽഹാസന്റെ 233-ാം സിനിമ എന്നതിൽ തന്നെ ചിത്രത്തിന് 'കെഎച്ച് 233' എന്നായിരുന്നു താത്കാലികമായി പേര് നൽകിയിരുന്നത്. തമിഴ് സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഈ പ്രൊജക്റ്റ് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം ദളപതി 69 ന്റെ പ്രഖ്യാപനത്തിനൊപ്പം തന്നെ സിനിമയുടെ റിലീസും അനൗൺസ് ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സൗത്ത് ഇന്ത്യൻ സെൻസേഷൻ എന്ന് വിളിക്കുന്ന അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മുമ്പ് കത്തി, മാസ്റ്റർ, ബീസ്റ്റ്‌, ലിയോ എന്നീ വിജയ് ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതം നൽകിയിരുന്നു. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.

ഈ വർഷം ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച വിജയ്‌യുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us