2018 ൽ വേണ്ടത്ര വിജയം നേടാതെ പോകുകയും പിന്നീട് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ചിത്രമായിരുന്നു 'തുമ്പാട്'. ചിത്രത്തിന്റെ ഒടിടി റിലീസിന് ശേഷം നിരവധി പ്രേക്ഷകരാണ് ചിത്രത്തിന്റെ സംവിധാന മികവിനെയും കഥപറച്ചിലിനെയും പുകഴ്ത്തിയത്. ചിത്രമിപ്പോൾ റീ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച ആദ്യ ദിന കളക്ഷനാണ് ചിത്രം റീ റിലീസിൽ സ്വന്തമാക്കിയിരിക്കുന്നത്.
1.50 കോടിയാണ് ആദ്യ ദിനം നേടിയത്. ഇത് ഇന്നലെ പുറത്തിറങ്ങിയ കരീന കപൂർ ചിത്രമായ 'ദി ബക്കിങ്ഹാം മർഡർസി'നേക്കാൾ ഉയർന്നതാണെന്നാണ് റിപ്പോർട്ട്. റീ റിലീസിൽ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. എന്തുകൊണ്ട് ചിത്രം ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയി പരിഗണിച്ചില്ല എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്.
12 കോടിയായിരുന്നു ചിത്രം 2018 ൽ റിലീസ് ചെയ്തപ്പോൾ തിയേറ്ററിൽ നിന്ന് നേടിയത്. റീ റിലീസിൽ ചിത്രം ഈ കളക്ഷനെ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഹി അനില്‍ ബാര്‍വെ ആയിരുന്നു ചിത്രം സംവിധാനമാണ് ചെയ്തത്. മിതേഷ് ഷാ, ആദേശ് പ്രസാദ്, രാഹി അനിൽ ബാർവെ, ആനന്ദ് ഗന്ധ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സോഹം ഷാ, ആനന്ദ് എൽ. റായ്, ആനന്ദ് ഗാന്ധി, മുകേഷ് ഷാ, അമിത ഷാ എന്നിവരായിരുന്നു 'തുമ്പാട്' നിർമിച്ചത്.