ആ 'തുപ്പാക്കി' നൽകേണ്ടത് ശിവകർത്തികേയനല്ല; ഗോട്ടിലെ കാമിയോയ്ക്കായി ആദ്യം പരിഗണിച്ചത് മറ്റൊരു നടനെ

ഹിറ്റ് കാമിയോയ്ക്കായി ആദ്യം പരിഗണിച്ചത് മറ്റൊരു നടനെയാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്

dot image

വിജയ് ചിത്രം ഗോട്ടിൽ നിരവധി കാമിയോകളും റഫറൻസുകളും ഉണ്ടെങ്കിലും ശിവകാർത്തികേയന്റെ കാമിയോയ്ക്കും പിന്നീടുള്ള ഡയലോഗുകൾക്കും പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. സിനിമയുടെ അവസാന രംഗങ്ങളിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്. വിജയ് അവതരിപ്പിക്കുന്ന ഗാന്ധി എന്ന കഥാപാത്രം ശിവകാർത്തികേയന്റെ കൈയിൽ 'തുപ്പാക്കി' ഏൽപ്പിക്കുമ്പോൾ നടൻ പറയുന്ന ഡയലോഗ് തിയേറ്ററിൽ വലിയ ആരവമാണ് ഉണ്ടാക്കിയതും. എന്നാൽ ഈ ഹിറ്റ് കാമിയോയ്ക്കായി ആദ്യം പരിഗണിച്ചത് മറ്റൊരു നടനെയാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

നടൻ ചിമ്പുവിനെയാണ് ഈ കാമിയോ റോളിനായി വെങ്കട് പ്രഭു ആദ്യം പരിഗണിച്ചിരുന്നത് എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മണിരത്നം ചിത്രം തഗ് ലൈഫിന്റെ ചിത്രീകരണ തിരക്കുകളായിരുന്നതിനാൽ ചിമ്പുവിന് ഈ റോൾ ചെയ്യാൻ കഴിഞ്ഞില്ല. തുടർന്നാണ് ശിവകാർത്തികേയനെ ഈ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ട്.

സിനിമയിലെ തന്നെ മറ്റൊരു ഹിറ്റ് കാമിയോയായിരുന്നു 'മട്ട' എന്ന ഗാനത്തിലെ തൃഷയുടേതും. തൃഷയും വിജയ്‍യും പഴയ ഗില്ലി ചിത്രത്തിലെ സ്റ്റെപ്പ് വീണ്ടും അവതരിപ്പിക്കുന്നത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഗാനത്തിനായി ആദ്യം പരിഗണിച്ചത് തൃഷയെ ആയിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. നടി ശ്രീലീലയെ ആയിരുന്നു ഈ ഗാനത്തിനായി വെങ്കട് പ്രഭു ആദ്യം സമീപിച്ചത്. ഗുണ്ടുർ കാരം എന്ന സിനിമയിലെ നടിയുടെ നൃത്തം കണ്ടിഷ്ടപ്പെട്ടതിനാലാണ് വെങ്കട് പ്രഭു ശ്രീലീലയെ സമീപിച്ചത്. എന്നാൽ നടി ഈ ഓഫർ നിരസിച്ചത് മൂലമാണ് തൃഷയിലേക്കെത്തുന്നത്.

ഇതിന് പുറമേ ഗോട്ടിലെ സ്നേഹ അവതരിപ്പിച്ച നായികാ കഥാപാത്രത്തിലേക്ക് തെന്നിന്ത്യൻ നായിക നയൻ‌താരയെ പരിഗണിച്ചിരുന്നതായി സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. 'ഈ കഥാപാത്രത്തിനായി നയൻസിനെ പരിഗണിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. പിന്നീട് സിനിമയുടെ റിലീസിന് ശേഷം നയൻസ് എന്നെ ഫോണിൽ വിളിച്ചിരുന്നു. സ്നേഹയെക്കാൾ ബെസ്റ്റ് ചോയ്സ് മറ്റാരുമില്ലെന്നും സ്നേഹ അതിഗംഭീരമായി ആ കഥാപാത്രത്തെ അവതരിപ്പിച്ചുവെന്നും നയൻസ് പറഞ്ഞു,' എന്നാണ് വെങ്കട് പ്രഭു ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

dot image
To advertise here,contact us
dot image