രായന്‍ എന്ന ചിത്രത്തിലൂടെ ഒരിടവേളക്ക് ശേഷമാണ് ധനുഷ് സംവിധാനത്തിലേക്ക് തിരിച്ചുവന്നത്. 2017 ൽ റിലീസ് ചെയ്ത പാ പാണ്ടിയായിരുന്നു ധനുഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് 7 വർഷങ്ങൾക്ക് ശേഷമാണ് ധനുഷ്, വീണ്ടും സംവിധാനത്തിലേക്ക് തിരികെ എത്തിയത്.
ധനുഷ് തന്നെ നായകനായ രായൻ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം. ധനുഷിനൊപ്പം കാളിദാസ് ജയറാം, സന്ദീപ് കിഷൻ, എസ്‌ജെ സൂര്യ, സെൽവരാഘവൻ, അപർണ ബാലമുരളി, ദുഷാര വിജയൻ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എന്നാൽ രായൻ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ സംവിധാനം ചെയ്യുന്ന മുന്നാമത്തെ ചിത്രം ധനുഷ് ആരംഭിച്ചിരുന്നു. 'നിലവുക്ക് എൻമേൽ എന്നടീ കോപം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്ൻമെന്റ് ആയിട്ടാണ് ഒരുങ്ങുന്നത്.
മലയാളികളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയ വാര്യർ തുടങ്ങിയവർക്കൊപ്പം റാബിയ, പവീഷ്, രമ്യ, വെങ്കി (വെങ്കടേഷ് മേനോൻ) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ഈ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ പുതിയ ചിത്രം സംവിധാനം ചെയ്ത് തുടങ്ങിയിരിക്കുകയാണ് ധനുഷ്.
ധനുഷ് തന്നെ നായകനാവുന്ന ചിത്രത്തിൽ അരുൺ വിജയ്, അശോക് സെൽവൻ, നിത്യ മേനൻ, സത്യരാജ്, രാജ്കിരൺ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'നിലവുക്ക് എൻമേൽ എന്നടീ കോപം' എന്ന ചിത്രത്തിന് സംഗീതം നൽകിയ ജിവി പ്രകാശ് കുമാർ തന്നെയാണ് പുതിയ ചിത്രത്തിനും സംഗീതം പകരുന്നത്.
ചിത്രത്തിന് ഇഡ്ഡലി കടൈ എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ, എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതേസമയം സംഗീതസംവിധായകൻ ഇളയരാജയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുങ്ങുന്ന 'ഇളയരാജ' എന്ന ചിത്രമാണ് ധനുഷ് നായകനായി ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്ന്. നാഗാർജുന, രശ്മിക എന്നിവർക്കൊപ്പം അഭിനയിക്കുന്ന 'കുബേര'യും റിലീസിന് ഒരുങ്ങുന്ന ചിത്രമാണ്.