ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിലെത്തിയ ചിത്രം ലാൽ സലാം ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ 'എക്സറ്റൻഡഡ് കട്ട്' ആയിരിക്കും ഒടിടിയിലൂടെ റിലീസ് ചെയ്യുക. ഐശ്വര്യ തന്നെയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. കഴിഞ്ഞ ദിവസം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമയുടെ ഒടിടി റിലീസിനെക്കുറിച്ച് പറഞ്ഞത്.
ലാൽ സലാമിന്റെ ഒരു 'എക്സറ്റൻഡഡ് ഡയറക്ടേഴ്സ് കട്ട്' ഉടൻ ഒടിടിയിലെത്തും. അത് തിയേറ്ററിൽ റിലീസ് ചെയ്ത പതിപ്പിൽ നിന്ന് വ്യത്യസ്തമായിരിക്കും. സിനിമയുടെ നഷ്‌ടപ്പെട്ട ചില ഫൂട്ടേജുകൾ തങ്ങൾ വീണ്ടെടുത്തിട്ടുണ്ടെന്നും അത് ഈ പതിപ്പിൽ ചേർത്തിട്ടുണ്ടെന്നും ഐശ്വര്യ രജനികാന്ത് പറഞ്ഞു. തിരക്കഥയിലുണ്ടായിരുന്നത് പോലെയായിരിക്കണം ഈ എക്സറ്റൻഡഡ് കട്ട് എന്നതിൽ തനിക്ക് നിർബന്ധമുണ്ടായിരുന്നു. അതിൽ എ ആർ റഹ്മാൻ റീ സ്കോർ ചെയ്തിട്ടുണ്ട്. എന്നാൽ അത് ചെയ്യുന്നതിന് അദ്ദേഹം അധിക പ്രതിഫലമൊന്നും സ്വീകരിച്ചില്ലെന്നും ഐശ്വര്യ വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരിയിലായിരുന്നു ലാൽ സലാം തിയേറ്ററുകളിലെത്തിയത്. രജനികാന്ത് കാമിയോ വേഷത്തിലെത്തിയ സിനിമയ്ക്ക് വലിയ പരാജയം നേരിടേണ്ടി വന്നു. ഈ സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്സായിരുന്നു. പക്ഷെ, മാർച്ച് മാസം സ്ട്രീമിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമ റിലീസ് ചെയ്തില്ല. പിന്നാലെ ഒരു അഭിമുഖത്തിൽ സിനിമയുടെ 21 ദിവസത്തെ ഫൂട്ടേജുകൾ നഷ്ടമായതായും അത് സിനിമയെ ബാധിച്ചുവെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ഫൂട്ടേജുകള്‍ സൂക്ഷിച്ച ഒരു ഹാർഡ് ഡിസ്ക് കാണാതെപോയത് അങ്ങേയറ്റം ഉത്തരവാദിത്തം ഇല്ലായ്മയാണ് എന്നുമാണ് ഐശ്വര്യ തുറന്നുസമ്മതിച്ചിരുന്നു.