വിജയ് നായകനാകുന്ന പുതിയ ചിത്രം ദളപതി 69ൽ ബോളിവുഡ് നടൻ ബോബി ഡിയോളും ഭാഗമാകുന്നുവെന്ന് റിപ്പോർട്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ നായകനാകുന്ന കങ്കുവ എന്ന ചിത്രത്തിലും ബോബി ഡിയോളാണ് പ്രധാന വില്ലൻ വേഷത്തിലെത്തുന്നത്. തമിഴകത്തെ പ്രധാനപ്പെട്ട രണ്ട് സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ നടൻ വില്ലനായെത്തുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.
നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന എൻബികെ 109, പവൻ കല്യാണിന്റെ ഹരി ഹര വീര മല്ലു, ജൂനിയർ എൻടിആർ നായകനാകുന്ന ദേവര പാർട്ട് 2 എന്നീ സിനിമകളിലും ബോബി ഡിയോൾ ഭാഗമാകുന്നുണ്ട്. ഈ സിനിമകൾക്ക് പുറമെ നിതേഷ് തിവാരി ഒരുക്കുന്ന രാമായണ എന്ന സിനിമയിലും നടൻ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. കുംഭകർണ്ണനായാണ് നടൻ സിനിമയിലെത്തുക എന്നാണ് സൂചന.
അതേസമയം ദളപതി 69 ന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നടക്കുകയാണ്. എച്ച് വിനോദ് കമൽഹാസനൊപ്പം ചെയ്യാനിരുന്ന സിനിമയുടെ കഥയാണോ ഇപ്പോൾ ദളപതി 69 ആക്കുന്നത് എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. ദളപതി 69 ന്റെ ഒഫീഷ്യൽ പോസ്റ്ററാണ് ഈ സംശയത്തിന് കാരണം. പോസ്റ്ററിൽ ടൈറ്റിലിനൊപ്പം ഒരു വിളക്ക് ഉയർത്തി നിൽക്കുന്ന കൈകൾ കാണിക്കുന്നുണ്ട്. മുമ്പ് കമൽഹാസനെ നായകനാക്കി എച്ച് വിനോദ് പ്രഖ്യാപിച്ച സിനിമയുടെ അനൗൺസ്മെന്റും നായക കഥാപാത്രം ഒരു വിളക്ക് ഉയർത്തി നിൽക്കുന്ന തരത്തിലായിരുന്നു. ഈ സാമ്യത ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ സംശയം ഉയർന്നിരിക്കുന്നത്.
ദളപതി 69 ന്റെ പ്രഖ്യാപനത്തിനൊപ്പം തന്നെ സിനിമയുടെ റിലീസും അനൗൺസ് ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സൗത്ത് ഇന്ത്യൻ സെൻസേഷനായി നില്ക്കുന്ന
അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മുമ്പ് കത്തി, മാസ്റ്റർ, ബീസ്റ്റ്, ലിയോ എന്നീ വിജയ് ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതം നൽകിയിരുന്നു. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.
ഈ വർഷം ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. വിജയ്യുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവെക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചിട്ടുണ്ട്.