അജയന്റെ രണ്ടാം മോഷണമെന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമായ 'ഐഡന്റിറ്റി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. തെന്നിന്ത്യൻ നടി തൃഷയാണ് ചിത്രത്തിലെ നായിക.
സെവൻത് ഡേ, ഫോറൻസിക് എന്നീ ചിത്രങ്ങൾക്ക് ശേഷം അഖിൽ പോൾ - അനസ് ഖാന് എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടന്‍ വിനയ് റായിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ശ്രീകൃഷ്ണപ്പരുന്ത്, ഭ്രമരം തുടങ്ങി പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് 'ഐഡന്റിറ്റി' യുടെ നിർമാണം.
യാനിക്ക് ബെന്നാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ് ആണ് ചിത്രത്തിന്റെ കാമറ. ചമൻ ചാക്കോയാണ്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. കേരളം,രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായാണ്
'ഐഡന്റിറ്റി'യുടെ ചിത്രീകരണം നടന്നത്. പിആർഒ അരുണ്‍ പൂക്കാടന്‍, ഡിജിറ്റല്‍ ആന്‍റ് മാര്‍ക്കറ്റിങ് അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു.
ടൊവിനോയെ നായകനാക്കി അഖിലും അനസും ചേർന്ന് ഒരുക്കിയ ഫോറൻസിക് ബോക്‌സോഫീസിൽ വൻ വിജയം നേടിയിരുന്നു. ഫോറൻസിക് സയൻസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരുന്നു ചിത്രം. മംമ്ത മോഹൻദാസ്, രൺജി പണിക്കർ, സൈജു കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിൽ ടൊവിനോയ്ക്ക് ഒപ്പം എത്തിയത്.