'ഇന്ന് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥ!'; എആർഎം വ്യാജ പതിപ്പിനെതിരെ ലിസ്റ്റിൻ

കഴിഞ്ഞ ദിവസം സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ സംവിധായകൻ ജിതിൻ ലാലും പ്രതികരിച്ചിരുന്നു.

dot image

ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഒരു സംവിധായകന്റെ എട്ട് വർഷത്തെ സ്വപ്നമാണ് ഈ സിനിമ. വലിയ മുതൽമുടക്കിൽ വർഷങ്ങളെടുത്ത് ഒരുക്കിയതാണ് ഈ ചിത്രമെന്നും എആർഎം തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ അതിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവർത്തികൾ ആരാണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും ലിസ്റ്റിൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

'പരാതിയുമായി നീങ്ങുന്നുണ്ട്. ഒരു സംവിധായകന്റെ എട്ട് വർഷത്തെ സ്വപ്നമാണ് ഈ സിനിമ. ഒന്നേമുക്കാൽ വർഷം മുന്നേ സിനിമയുടെ ചിത്രീകരണം പൂർത്തിയായതാണ്. ഇത്രയും സമയം വേണ്ടി വന്നു പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കാൻ. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതും അത് പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഒരുപാടുപേരുടെ സ്വപ്നമാണിത്. ഇത് ഒരു ചെറിയ ടൊവിനോ ചിത്രമല്ല. ഇത് വലിയ മുടക്കുമുതലുള്ള ത്രീഡിയിൽ റിലീസ് ചെയ്ത സിനിമയാണ്. ഇത് ആരാണ് ചെയ്യുന്നത് എന്ന് അറിയില്ല,' ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെയും ഇതിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചിട്ടുണ്ട്. 'നന്ദി ഉണ്ട്… ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ് ! വീട്ടിൽ ഇരുന്ന് തിയേറ്റർ പ്രിൻ്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു. 150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ, 8 വർഷത്തെ സംവിധായകൻ - തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ , 100ൽ അധികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ? ഈ നേരവും കടന്നു പോവും. കേരളത്തിൽ 90% എആർഎം കളിക്കുന്നതും 3ഡി ആണ്, 100% തിയേറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ്, ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്,' എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കഴിഞ്ഞ ദിവസം സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ സംവിധായകൻ ജിതിൻ ലാലും പ്രതികരിച്ചിരുന്നു. ട്രെയ്‌നിലിരുന്ന് വ്യാജ കോപ്പി കാണുന്ന യാത്രക്കാരന്റെ വീഡിയോ സഹിതമായിരുന്നു ജിതിന്റെ പ്രതികരണം. ഒരു സുഹൃത്ത് അയച്ചു തന്ന വീഡിയോ ആണിതെന്നും ഇത് തന്റെ ഹൃദയം തകര്‍ക്കുന്നതാണെന്നും ജിതിൻ ലാൽ പറഞ്ഞു. തനിക്ക് വേറെ ഒന്നും പറയാൻ ഇല്ല. ടെലഗ്രാം വഴി എആർഎം കാണേണ്ടവർ കാണട്ടെയെന്നും അല്ലാതെ എന്തുപറയാനാണെന്നും ജിതിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us