മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സിനിമ ചെയ്യുന്നതായി റിപ്പോർട്ട്. മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവഹിക്കുക. സിനിമയുടെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയായിരിക്കും എന്നാണ് റിപ്പോർട്ട്. 30 ദിവസത്തോളമായിരിക്കും ശ്രീലങ്കയിൽ ചിത്രീകരണം നടക്കുക എന്നാണ് സൂചന.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 15ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ സംവിധായകന്‍ മഹേഷ് നാരായണനൊപ്പം നിർമ്മാതാക്കളായ ആന്‍റോ ജോസഫ്, സിവി സാരഥി, എംപി യാദമിനി ഗുണവര്‍ധന തുടങ്ങിയവരും ഭാഗമായിരുന്നു. ശ്രീലങ്കയ്ക്ക് പുറമെ കേരളത്തിലും ഡൽഹിയിലും മറ്റ് വിദേശ രാജ്യങ്ങളിലും ചിത്രീകരണമുണ്ടാകും എന്നാണ് സൂചന.
കഴിഞ്ഞ മാസം മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ചേർന്ന് ഒരു സിനിമ ഒരുക്കുന്നതായുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. 'മമ്മൂട്ടി കമ്പനിയ്ക്ക് കൈ കൊടുത്ത് ആശിർവാദ് സിനിമാസ്' എന്ന ക്യാപ്ഷനോടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയ്ക്ക് കാരണമായത്. പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.