കാത്തിരിപ്പിനൊടുവിൽ ഉർവശിയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജലധാര പമ്പ്‌സെറ്റ് സിൻസ് 1962' എന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു. ജിയോയുടെ ജിയോ സിനിമ പ്ലാറ്റ്‌ഫോമിലാണ് ഓണത്തിന് ചിത്രം എക്‌സ്‌ക്ലൂസീവ് പ്രീമിയർ ആയി എത്തിയത്.
ജിയോ സിനിമയിൽ ഡിജിറ്റൽ എക്‌സ്‌ക്ലുസിവ് പ്രീമിയർ ആയെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. തിയേറ്ററിൽ വലിയ സ്വീകാര്യത ലഭിക്കാതെ പോയ ചിത്രത്തിന് ഒടിടി റിലീസോടെ മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
ഉർവശി - ഇന്ദ്രൻസ് കോമ്പോയിൽ പുറത്തിറങ്ങിയ ആദ്യ മലയാളചിത്രം കൂടിയാണ് 'ജലധാര പമ്പ്‌സെറ്റ്'. സെപ്റ്റംബർ 15 തിരുവോണനാളിലാണ് ചിത്രം ഒടിടിയിലെത്തിയത്. ഗൗരവമേറിയ ഒരു വിഷയം സരസമായും ലളിതമായും ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മൃണാളിനി ടീച്ചർ എന്ന ഉർവശിയുടെ കഥാപാത്രവും മണിയെന്ന ഇന്ദ്രൻസിന്റെ കഥാപാത്രവുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പാലക്കാട് കൊല്ലങ്കോടിന്റെ ഹരിതാഭയുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ കേസും കോടതിവാദങ്ങളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഉർവശിക്കും ഇന്ദ്രൻസിനും പുറമേ സാഗർ, ജോണി ആന്റണി, ടി ജി രവി, സനുഷ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.