ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡത്തെ വാനോളം പുക്‌ഴ്ത്തി എ.എ റഹീം എം.പി. മലയാളത്തിലെ ഏറ്റവും മികച്ച ഹെവി സസ്‌പെന്‍സ് ത്രില്ലറുകളില്‍ ഒന്നാണ് കിഷ്‌കിന്ധാ കാണ്ഡമെന്നും, കുറഞ്ഞത് രണ്ട് തവണയെങ്കിലും ഈ ചിത്രം കാണണമെന്നും എ.എ. റഹീം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ചിത്രത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
ഓരോ സിനിമയില്‍ നിന്നും കൂടുതല്‍ പാഠങ്ങള്‍ പഠിക്കുന്ന ആസിഫ് അലിയുടെ ഇനിയും മികച്ച പ്രകടനങ്ങളെ കുറിച്ചുള്ള പ്രതീക്ഷ കൂടിയാണ് ചിത്രം നല്‍കുന്നതെന്നും എ.എ റഹീം പറഞ്ഞു. 'കിഷ്‌കിന്ധാകാണ്ഡത്തിലേതു ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. പക്ഷേ, ആസിഫിന്റെ ഏറ്റവും മികച്ചത് ഇതാകില്ല. അതിനിയും വരാനിരിക്കുന്നതേയുള്ളൂ,' റഹീം പറയുന്നു.
സാധാരണ ഓണച്ചിത്രങ്ങളുടെ ചേരുവകളൊന്നും ഇല്ലാതിരുന്നിട്ടും ഓണം കിഷ്‌കിന്ധാ കാണ്ഡം തന്നെ തൂക്കിയെന്നും റഹീം പറഞ്ഞു. അത് പടത്തിന്റെ കരുത്തും വ്യത്യസ്തതയും അഭിനയ മുഹൂര്‍ത്തങ്ങളും കൊണ്ടാണെന്നും റഹീം പറഞ്ഞു.
അപ്പു പിള്ളയായി എത്തിയ വിജയരാഘവന്റെ വിരലുകള്‍ പോലും അഭിനയിക്കുകയായിരുന്നെന്നും എല്ലാ കഥാപാത്രങ്ങള്‍ക്കും ഏറ്റവും മികച്ച കാസ്റ്റിങ്ങ് ആണ് അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശക്തമായ തിരക്കഥയും വലിച്ചുനീട്ടലില്ലാതെ കഥ പറഞ്ഞ രീതിയുമാണ് ചിത്രത്തെ മികച്ചതാക്കുന്നതെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
സെപ്റ്റംബര്‍ 12ന് തിയേറ്ററുകളിലെത്തിയ കിഷ്‌കിന്ധാ കാണ്ഡം മികച്ച കളക്ഷന്‍ നേടിയാണ് മുന്നേറുന്നത്. മൂന്ന് കോടിയോളം ഒറ്റ ദിവസം കൊണ്ട് കളക്ഷനില്‍ കൂട്ടിച്ചേര്‍ത്താണ് ചിത്രത്തിന്റെ കുതിപ്പ്.
കഴിഞ്ഞ 24 മണിക്കൂറുകളില്‍ പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ സിനിമ എന്ന നേട്ടവും കിഷ്‌കിന്ധാ കാണ്ഡം കൈവരിച്ചിരുന്നു. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ 90,000 ല്‍ അധികം ടിക്കറ്റുകളാണ് ഒറ്റ ദിവസം കൊണ്ട് വിറ്റുപോയത്.
ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുല്‍ രമേശാണ്. കക്ഷി അമ്മിണിപ്പിള്ളയൊരുക്കിയ ദിന്‍ജിത്ത് അയ്യത്താനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 'കിഷ്‌കിന്ധാ കാണ്ഡം' എന്നാണ് പ്രേക്ഷകരില്‍ പലരും അഭിപ്രായപ്പെടുന്നത്.
എ.എ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കിഷ്‌കിന്ധാ കാണ്ഡം ഒരിക്കല്‍ കൂടി കാണണം. സ്‌പെന്‍സ് ഇല്ലാതെ, ഒരിക്കല്‍ കൂടി കാണുമ്പോഴാണ് സിനിമയുടെ കരുത്ത് കൂടുതല്‍ അനുഭവപ്പെടുക എന്നാണ് തോന്നുന്നത്. 'ഹെവി സസ്‌പെന്‍സ്'ആണ് കിഷ്‌കിന്ധാകാണ്ഡത്തിന്റെ സവിശേഷതകളില്‍ ഒന്ന്. സസ്‌പെന്‍സിന്റെ കൊടുംഭാരം ഇല്ലാതെ, പിന്നെയും ഒരിക്കല്‍ കൂടി തിയറ്ററില്‍ ഇരുന്നാല്‍ അജയ് ചന്ദ്രനും,അപ്പു പിള്ളയും ഓരോ സീനിലും ആദ്യത്തേതില്‍ നിന്നും വ്യത്യസ്ത മാനമുള്ള മറ്റൊരു കഥപറയുന്നത് കാണാം..
ശ്യാമപ്രസാദിന്റെ ഋതു മുതല്‍ ആസിഫിന്റെ ഏതാണ്ട് എല്ലാസിനിമകളും കണ്ടിട്ടുണ്ട്. ഒരോ സിനിമയിലും നിന്ന് ആസിഫ് കൂടുതല്‍ ലേണ്‍ ചെയ്യുകയായിരുന്നു. വരാനിരിക്കുന്ന ആസിഫിന്റെ മികച്ച വേഷങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ് അയാളുടെ ഓരോ സിനിമയും. കിഷ്‌കിന്ധാകാണ്ഡത്തിലേതു ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. പക്ഷേ, ആസിഫിന്റെ ഏറ്റവും മികച്ചത് ഇതാകില്ല. അതിനിയും വരാനിരിക്കുന്നതേയുള്ളൂ.
ആസിഫ്,'അജയ് ചന്ദ്രനില്‍'നിന്നും കൂടുതല്‍ ലേണ്‍ ചെയ്ത് ഇതിനേക്കാള്‍ ശക്തമായ കഥാപാത്രത്തെ നമുക്ക് അടുത്ത സിനിമയില്‍ തരും. കിഷ്‌കിന്ധയിലെ ചില രംഗങ്ങളില്‍ ആസിഫ് നമ്മളെ വിസ്മയിപ്പിക്കും.സിനിമയുടെ സസ്‌പെന്‍സിലേയ്ക്ക് ഈ കുറിപ്പ് അതിക്രമിച്ചു കടക്കാതിരിക്കാന്‍, ഇപ്പോഴും എന്റെ മനസ്സിനെ പിന്തുടരുന്ന ആ രംഗങ്ങള്‍ ഇവിടെ എഴുതുന്നില്ല. കിഷ്‌കിന്ധ ഒരിക്കല്‍ കൂടി കാണുമ്പോള്‍ ആ മുഹൂര്‍ത്തങ്ങള്‍ കൂടുതല്‍ ഹൃദയഹാരിയായിരിക്കും, മറ്റൊരു കഥയുമായിരിയ്ക്കും.
കിഷ്‌കിന്ധയുടെ ശക്തമായ സ്‌ക്രിപ്റ്റിനെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാകില്ല. ടിക്കറ്റ് കിട്ടാത്ത വിധം തിയറ്ററുകള്‍ നിറഞ്ഞു കവിയുന്നതില്‍ സ്‌ക്രിപ്റ്റിനും മേക്കിങ്ങിനും നിര്‍ണായക റോള്‍ ഉണ്ട്. കിഷ്‌കിന്ധ ഒരു ഫെസ്റ്റിവല്‍ മൂഡ് സിനിമയല്ല. ചിരിപ്പിക്കുന്ന, ഹരം കൊള്ളിക്കുന്ന ഒരു ഓണപ്പടം അല്ല. നമ്മളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന, തിയറ്റര്‍ വിട്ടാലും പ്രേക്ഷകരെ ഏറെ നേരം പിന്തുടരുന്ന ഒരു ഹെവി സിനിമ. എന്നിട്ടും ഈ ഓണക്കാലം 'കിഷ്‌കിന്ധ തൂക്കുന്ന' കാഴ്ചയാണ് നമ്മള്‍ കണ്ടത്. അത് ആ പടത്തിന്റെ കരുത്തു കൊണ്ടാണ്, വ്യത്യസ്തത കൊണ്ടാണ്, അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടാണ്.
സിനിമയുടെ കരുത്ത് അതിന്റെ കാസ്റ്റിങ് കൂടിയാണ്. ആസിഫും, വിജയരാഘവനും, അപര്‍ണ്ണ ബാലമുരളിയും ജഗദീഷും അശോകനും മുതല്‍ ആസിഫിന്റെ മകനായി അഭിനയിച്ച കുട്ടി വരെ, എല്ലാ കഥാപാത്രങ്ങളുടെയും കൃത്യമായ കാസ്റ്റിങ് സിനിമയെ ശക്തമാക്കി. അപ്പു പിള്ള മലയാള സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായി മാറി.
വിജയരാഘവന്റെ വിരലുകള്‍ പോലും അഭിനയിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ അതിസങ്കീര്‍ണ്ണമായ മനോവ്യവഹാരങ്ങളെ വിജയരാഘവന്‍ എന്ന മഹാപ്രതിഭ അങ്ങേയറ്റം തന്മയത്വത്തോടെ ചെയ്തു. വലിച്ചു നീട്ടലില്ലാതെ കഥപറഞ്ഞു എന്നതാണ് സിനിമയുടെ മറ്റൊരു ഭംഗി. സിനിമയുടെ പേരു തിരഞ്ഞെടുത്തത്തില്‍ പോലും ബ്രില്യന്‍സ് കാണാന്‍ കഴിയും.മലയാളത്തിലെ ഹെവി സസ്‌പെന്‍സ് ത്രില്ലറുകളില്‍ ഏറ്റവും മികച്ച ഒന്നാണ് കിഷ്‌കിന്ധാ കാണ്ഡം. ഏറ്റവും കുറഞ്ഞത് രണ്ടു തവണ കാണേണ്ട സിനിമ.