രാജമൗലി ചിത്രം ആർആർആറിന് ശേഷം പാൻ ഇന്ത്യൻ തലത്തിൽ ആരാധകരെ സ്വന്തമാക്കിയ നടനാണ് ജൂനിയർ എൻടിആർ. അടുത്തിടെ ഒരു അഭിമുഖത്തിൽ, തമിഴ് സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ എന്നിവരുടെ സംഭാവനകളെ എൻടിആർ പ്രശംസിച്ചിരുന്നു.
അറ്റ്‌ലിയ്‌ക്കൊപ്പം ഒരു റൊമാന്റിക് കോമഡി ചിത്രം ചെയ്യാനുള്ള ചർച്ചകൾ നടന്നിരുന്നതായും
എൻടിആർ വെളിപ്പെടുത്തി. എന്നാൽ മറ്റു സിനിമകളുടെ തിരക്കുകൾ കാരണം ചർച്ചകൾ മുന്നോട്ട് പോയില്ലെന്നും, എന്നിരുന്നാലും അറ്റ്‌ലിയുമായി സഹകരിക്കാൻ അധികം വൈകില്ലെന്നും എൻടിആർ പറഞ്ഞു.
ലോകേഷ് കനകരാജിൻ്റെ സിനിമകളോടുള്ള ഇഷ്ടത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അവ പ്രേക്ഷകരിലേക്ക് കൊണ്ടുവരുന്നത് വ്യത്യസ്തമായ പോസിറ്റീവ് വെെബ് ആണെന്നും
എൻടിആർ എടുത്തുപറഞ്ഞു. ബ്ലോക്ക്ബസ്റ്റർ നിമിഷങ്ങൾ സൃഷ്ടിക്കാനുള്ള നെൽസൻ്റെ കഴിവിനോടുള്ള ആദരവും എൻടിആർ പ്രകടിപ്പിച്ചു.
തമിഴ് സിനിമയിൽ ഏറ്റവും ഇഷ്‌ടമുള്ള സംവിധായകൻ വെട്രിമാരൻ ആണെന്ന് നേരത്തെ എൻടിആർ സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം തമിഴില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും നടന്‍ പറഞ്ഞിരുന്നു.
സെപ്റ്റംബർ 27 നാണ് ജൂനിയര്‍ എൻ.ടി.ആറിന്റെ ദേവര തിയേറ്ററുകളിലെത്തുന്നത്.ബോളിവുഡ് താരം ജാൻവി കപൂറാണ് നായിക. സെയ്ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിങ് തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.