ആസിഫ് അലി നായകനായെത്തിയ കിഷ്കിന്ധാ കാണ്ഡം എന്ന സിനിമ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. റിലീസ് ചെയ്ത് ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമ ഒരു വമ്പൻ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റ സിനിമ എന്ന നേട്ടമാണ് കിഷ്കിന്ധാ കാണ്ഡം കൈവരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിനം കിഷ്കിന്ധാ കാണ്ഡത്തിന്റെ 90,000 ല്‍ അധികം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ബോളിവുഡ് ചിത്രം സ്ത്രീ 2ന്റേതായി വിറ്റുപോയത് 85,000 ടിക്കറ്റുകളാണ് വിറ്റുപോയത്. ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണത്തിന്റെ 79,000 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്.
സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. അനൂപ് മേനോൻ, സത്യൻ അന്തിക്കാട്, 'ആട്ടം' സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി തുടങ്ങിയവരും സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. തിരക്കഥ, സംവിധാനം, ഛായാഗ്രഹണം എന്നിങ്ങനെ സർവ മേഖലകളിലും മികവ് പുലർത്തിയ സിനിമയാണ് കിഷ്കിന്ധാ കാണ്ഡം എന്നും ഈ ചിത്രത്തിലൂടെ ഏറ്റവും അധികം ബോക്സ്ഓഫീസ് ഗ്യാരന്റിയുള്ള നടനായി ആസിഫ് അലി മാറിയതായുമാണ് അനൂപ് മേനോൻ പറഞ്ഞത്.
ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്. ചിത്രത്തിലെ ആസിഫ് അലിയുടെയും വിജയരാഘവന്റേയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 'കിഷ്കിന്ധാ കാണ്ഡം' എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.