കിഷ്കിന്ധാ കാണ്ഡം എന്ന സിനിമയുടെ പേരിന് പിന്നിലെ കൗതുകം പറഞ്ഞ് തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ്. സിനിമയ്ക്ക് ആദ്യം നൽകിയിരുന്ന വർക്കിങ് ടൈറ്റിൽ 'ക്യൂരിയസ് കേസ് ഓഫ് അപ്പുപ്പിള്ള' എന്നായിരുന്നു. എന്നാൽ ആ പേര് ആയിരിക്കില്ല സിനിമയ്ക്ക് നൽകുക എന്ന് തീരുമാനിച്ചിരുന്നു. കേൾക്കുന്ന പ്രേക്ഷകരിൽ കൗതുകം ഉണർത്തുന്ന ഒരു പേരിനായുള്ള അന്വേഷണത്തിനിടയിൽ അവിചാരിതമായാണ് കിഷ്കിന്ധാ കാണ്ഡം എന്ന പേരിലേക്ക് എത്തുന്നത് എന്ന് ബാഹുൽ പറഞ്ഞു. സിനിമയുടെ വിശേഷങ്ങൾ റിപ്പോർട്ടറുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
'ക്യൂരിയസ് കേസ് ഓഫ് അപ്പുപ്പിള്ള' എന്നതായിരുന്നു സിനിമയുടെ വർക്കിങ് ടൈറ്റിൽ. എന്നാൽ അത് സിനിമയുടെ പേര് ആയിരിക്കില്ല എന്ന് തീരുമാനിച്ചിരുന്നു. പ്രീ പ്രൊഡക്ഷൻ സമയത്ത് സഹ സംവിധായകർക്കൊപ്പം പേരിനായി ഡിസ്കഷൻ നടത്തിയിരുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു പേര് നൽകി എന്ന് കേൾക്കുന്നവരിൽ ഒരു ക്യൂരിയോസിറ്റി കൊണ്ടുവരാൻ കഴിയുന്ന പേര് വേണം എന്ന ആഗ്രഹത്തിൽ അത്തരം പേരുകളാണ് അന്വേഷിച്ചിരുന്നത്. ഈ സപ്തമശ്രീ തസ്കരാ ഹാ എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ക്യൂരിയോസിറ്റി ഇല്ലേ, അത് വേണം,'
'ഹനുമാനും സുഗ്രീവനും ഒഴികെയുള്ള എല്ലാ വാനരപ്പടയും ഇവിടുണ്ട്' എന്ന ഒരു ഡയലോഗ് ഈ സിനിമയിലുണ്ട്. അത് കേട്ടശേഷം ഒരു സഹ സംവിധായകൻ ആണ് കിഷ്‌കിന്ധാ എന്ന പേര് പറയുന്നത്. പിന്നാലെ അതിനൊരു വാലറ്റം തേടി ചർച്ചകൾ തുടങ്ങി. കിഷ്‌കിന്ധാ പുരം, കിഷ്‌കിന്ധാ പുരാണം, കിഷ്‌കിന്ധാ പുരി എന്നിങ്ങനെ പേരുകൾ വന്നു. ആ കൂട്ടത്തിൽ വന്നൊരു പേരാണ് കിഷ്‌കിന്ധാ കാണ്ഡം എന്നത്. ആവേശത്തിലെ ദംഷറാഡ്സ് സീന്‍ പോലെയാണ് ആ പേര് കിട്ടിയത്,' എന്ന് ബാഹുൽ രമേശ് പറഞ്ഞു.