മിനിമൽ ആയി തുടങ്ങി അവസാനം കത്തിക്കേറുന്ന മ്യൂസിക്ക് ആണ് കിഷ്കിന്ധാ കാണ്ഡത്തിലേതെന്നും ചിത്രത്തിൽ കഥാപാത്രങ്ങൾക്കല്ല സന്ദർഭങ്ങൾക്കാണ് സ്കോർ ചെയ്തതെന്നും സംഗീത സംവിധായകൻ മുജീബ് മജീദ്. പ്രേക്ഷകൻ്റെ പോയിൻ്റ് ഓഫ് വ്യൂയിൽ നിന്നാണ് ഞങ്ങൾ സ്കോർ ചെയ്തിരിക്കുന്നത്. ഇമോഷണൽ സീനുകളെല്ലാം സാധാരണ രീതിയിൽ നിന്ന് മാറി വളരെ സട്ടിൽ ആയിട്ടാണ് ഡീൽ ചെയ്തതെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ മുജീബ് മജീദ് പറഞ്ഞു.
'സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകളാണ് ഇൻ്റർവെല്ലും ക്ലൈമാക്സും. അതുവരെ മ്യൂസിക്ക് വളരെ മിനിമൽ ആയി ആണ് പോകുന്നത്, എന്നാലെ അവസാനം ഒരു ഇംപാക്ട് ഉണ്ടാകുകയുള്ളൂ. അവിടെ നിന്നാണ് പ്രേക്ഷകർക്ക് അടുത്തതെന്താണ് എന്നറിയാനുള്ള ആകാംഷയുണ്ടാകുന്നത്', എന്നും മുജീബ് പറഞ്ഞു.
ചിത്രത്തിലെ മുജീബിന്റെ പശ്ചാത്തല സംഗീതത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. പതിയെ തീയേറ്ററിൽ നിലയുറപ്പിച്ച ചിത്രത്തിന് ഇപ്പോൾ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിലെ വിജയരാഘവൻ്റെയും ആസിഫ് അലിയുടെയും പ്രകടനങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും കൈയ്യടി ലഭിക്കുന്നുണ്ട്.
സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. അനൂപ് മേനോൻ, സത്യൻ അന്തിക്കാട്, 'ആട്ടം' സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി തുടങ്ങിയവരും സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. തിരക്കഥ, സംവിധാനം, ഛായാഗ്രഹണം എന്നിങ്ങനെ സർവ മേഖലകളിലും മികവ് പുലർത്തിയ സിനിമയാണ് കിഷ്കിന്ധാ കാണ്ഡം എന്നും ഈ ചിത്രത്തിലൂടെ ഏറ്റവും അധികം ബോക്സ്ഓഫീസ് ഗ്യാരന്റിയുള്ള നടനായി ആസിഫ് അലി മാറിയതായുമാണ് അനൂപ് മേനോൻ പറഞ്ഞത്.
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്.