ഈ ഒത്തുതീർപ്പിന് പൈസ വാങ്ങിയിട്ടില്ല; ബാഡ് ബോയ്സ് തര്‍ക്കത്തില്‍ ഉണ്ണി വ്‌ളോഗ്‌സ്

ബാഡ് ബോയ്സ് നിർമിച്ച എബ്ബാം മൂവീസ് ഉടമയും നടി ഷീലു എബ്രഹാമിന്‍റെ ഭര്‍ത്താവുമായ എബ്രഹാം മാത്യു റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു

dot image

റിവ്യു നല്‍കിയതിന് പിന്നാലെ ബാഡ് ബോയ്സ് സിനിമയുടെ നിര്‍മാതാവ് വിളിച്ച് ഭീഷണപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി യൂട്യൂബറും നിരൂപകനുമായ ഉണ്ണി വ്ളോഗ്സ്.

സിനിമകൾക്ക് റിവ്യൂ ചെയ്യാൻ പണം വാങ്ങാറില്ലെന്നും, ഇപ്പോൾ നടന്ന സംഭവം ഒത്തുതീർപ്പായിട്ടുണ്ടെന്നും അതിനും പണം വാങ്ങിയിട്ടില്ലെന്നും ഉണ്ണി തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചു. റിവ്യു വീഡിയോയും നിര്‍മാതാവിന്‍റെ ഫോണ്‍ കോളിനെ കുറിച്ചുള്ള വീഡിയോയും ഡിലീറ്റ് ചെയ്യുന്നതിനെ കുറിച്ചും ഉണ്ണി പുതിയ വീഡിയോയില്‍ വിശദമാക്കുന്നുണ്ട്.

'ആരെയും ഉപദ്രവിക്കാനോ സിനിമയെ മോശമായി കാണിക്കാനോ അന്യായമായി സമ്പാദിക്കാനോ അല്ല ഉദ്ദേശം. ഈ യൂട്യൂബ് ചാനലിൽ പോകുന്ന ഒരു വീഡിയോയ്ക്കും റിവ്യൂവിനും പൈസ വാങ്ങി അല്ല ചെയ്യുന്നത്. സിനിമ റിവ്യൂ ചെയ്യുമ്പോൾ നിരവധി ഫോൺ കാളുകൾ വരാറുണ്ട്.

പ്രൊഡ്യൂസഴ്സ് അസോസിയേഷനെ ശത്രു സ്ഥാനത്ത് നിർത്താനുള്ള ഉദ്ദേശം ഒന്നുമില്ല. പ്രൊഡ്യൂസറിന്റെ പ്രതികരണവും മാനസികാവസ്ഥയും മനസിലാക്കുവന്നതേയുള്ളു. ഇനി മറ്റൊരു സിനിമ അദ്ദേഹം എടുത്ത് അത് ഗംഭീരമായാൽ അത് ഗംഭീരം എന്ന് തന്നെ പറയും. സാധാരണ ഒരു വ്യക്തി എന്ന നിലയിൽ പേടിയുണ്ട്. പബ്ലിഷ് ചെയ്തിരുന്ന രണ്ട് വീഡിയോയും ഡിലീറ്റ് ചെയ്യുകയാണ്,' ഉണ്ണി പറഞ്ഞു.

ഈ ഒത്തുതീർപ്പിലും പൈസ വാങ്ങിയിട്ടില്ല. എനിക്ക് യൂട്യൂബിൽ നിന്ന് മാന്യമായ പൈസ കിട്ടുന്നുണ്ട്. അതിൽ തൃപ്തനാണ്. സിനിമ കാണുകയും അതിൽ സത്യസന്ധമായ റിവ്യൂ പറയാനും അനുവദിച്ചാൽ മതിയെന്നും ഉണ്ണി പറഞ്ഞു. സംഭവത്തിൽ തന്നെ പിന്തുണച്ച ആളുകൾക്കും യൂട്യൂബ് സംഘടനയായ കിക്കിനും ഉണ്ണി നന്ദി അറിയിക്കുകയും ചെയ്തു.

ബാഡ് ബോയ്സ് നിർമിച്ച എബ്ബാം മൂവീസ് ഉടമയും നടി ഷീലു എബ്രഹാമിന്‍റെ ഭര്‍ത്താവുമായ എബ്രഹാം മാത്യുവാണ് കഴിഞ്ഞ ദിവസം റിവ്യുവറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. റിവ്യു യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നും നിർമാതാവ് പറയുന്ന ഫോൺ സംഭാക്ഷണം വ്ലോഗർ യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഇതൊരു താക്കീത് ആണെന്നും നിർമാതാവ് പറഞ്ഞിരുന്നു.

ബാഡ് ബോയ്സ് സിനിമയെ കുറിച്ച് ഉണ്ണി നല്‍കിയ റിവ്യുവിന് പിന്നാലെയായിരുന്നു നിര്‍മാതാവ് ഭീഷണിയുമായി രംഗത്തുവന്നത്. നെഗറ്റീവ് റിവ്യു നല്‍കി സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ഇയാളുടെ വാദം. തനിക്ക് സിനിമയെ കുറിച്ചുള്ള അഭിപ്രായം മാത്രമാണ് പങ്കുവെച്ചിരിക്കുന്നത് മറുപടി നല്‍കിയിട്ടും എബ്രഹാം മാത്യു അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ ഉണ്ണിയെ ഭീഷണിപ്പെടുത്തുന്നത് തുടരുകയായിരുന്നു.

ഇതിന് പിന്നാലെ റിവ്യു വീഡിയോ ഉണ്ണി പിന്‍വലിക്കുകയും ഈ നിര്‍മാതാക്കളുടെ ചിത്രങ്ങള്‍ താനിനി കാണുകയില്ലെന്ന് അറിയിക്കുകയും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വീഡിയോ പ്രകാരം നിർമാതാക്കളുടെ സിനിമകള്‍ കാണുന്നത് ഒഴിവാക്കുകയോ റിവ്യു ചെയ്യാതിരിക്കുകയോ ചെയ്യില്ലെന്നാണ് വ്യക്തമാകുന്നത്. നേരത്തെയും റിവ്യു വീഡിയോകളുടെ പേരില്‍ ഉണ്ണി വ്ളോഗ്സിനെതിരെ ഭീഷണികളുമായി സിനിമാക്കാര്‍ രംഗത്തുവന്നിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us