കിഷ്കിന്ധാ കാണ്ഡം എന്ന സിനിമ ഓണത്തിന് തിയേറ്ററുകളിൽ എത്താൻ കാരണം ചിത്രത്തിന്റെ പ്രൊഡ്യൂസർ ആണെന്ന് തുറന്ന് പറഞ്ഞ് തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ്. സിനിമയുമായി ബന്ധപ്പെട്ട് ടെൻഷൻ ഉണ്ടാകുമ്പോൾ തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ പാട്ടുകൾ കേൾക്കുമെന്നും ബാഹുൽ രമേശ് റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഓണം റിലീസായി കിഷ്കിന്ധാ കാണ്ഡം ഇറങ്ങിയതിന്റെ ഫുൾ ക്രെഡിറ്റ് ചിത്രത്തിന്റെ പ്രൊഡ്യൂസർ ജോബി ചേട്ടനുള്ളതാണ്. ഫെസ്റ്റിവൽ പടങ്ങൾ ഏതൊക്കെ ഉണ്ടെങ്കിലും നമ്മുടെ കുഞ്ഞു പടവും ഓണത്തിന് ഇറക്കാം എന്ന് പുള്ളി കാണിച്ച തന്റേടമാണ് ചിത്രത്തിന്റെ വിജയം.
ചിത്രത്തെ കുറിച്ചുള്ള അമിതമായ കൺസേൺ ടെൻഷൻ ഉണ്ടാകും. ടെന്‍ഷന്‍ അടിച്ചാല്‍ സിനിമയില്‍ കോംപ്രമെെസ് ചെയ്യേണ്ടി വരും. ഈ സിനിമ ഇപ്പോൾ റിലീസ് ചെയ്യേണ്ട, ആളുകൾക്ക് ഇഷ്ടമാവില്ല എന്നൊക്കെ തോന്നിയിരുന്നു. എന്നാൽ അത്തരം ചിന്തകളെ ബോധപൂർവം ഒഴിവാക്കാറുണ്ട്.
എങ്കിലും ടെൻഷൻ വരും. അപ്പോള്‍ അനിരുദ്ധിന്റെ വല്ല തമിഴ് പാട്ടും കേട്ട് അതിനെ ഒഴിവാക്കാറാണ് പതിവ്. അപ്പോൾ തന്നെ ഹാപ്പി ആകും. സിനിമയെ ബാധിക്കാതിരിക്കാൻ മെന്റലി ഹാപ്പി ആകാൻ ഇത്തരം ട്രിക്കുകൾ പ്രയോഗിച്ചിട്ടുണ്ട്," ബാഹുൽ രമേശ് പറഞ്ഞു.
ആസിഫ് അലി, അപർണ്ണ ബാലമുരളി , വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡത്തിന് തിയറ്ററിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എ ടെയിൽ ഓഫ് ത്രീ വൈസ് മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്.