സത്യം! പരമാര്‍ത്ഥം!? ; പുഷ്പ 2വില്‍ അല്ലുവിനൊപ്പം ഡേവിഡ് വാര്‍ണറും?

അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 വിലെ 'പുഷ്പ പുഷ്പ പുഷ്പ രാജ്' എന്ന ഗാനത്തിന് ഡേവിഡ് വാർണർ ചുവടുവെച്ച വീഡിയോ വലിയ വാർത്തയായിരുന്നു

dot image

ഇന്ത്യൻ സിനിമകളോട് വലിയ സ്നേഹം സൂക്ഷിക്കുന്ന താരമാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡേവിഡ് വാർണർ. ഐ.പി.എല്ലിന്‍റെ ഭാഗമായതിന് പിന്നാലെയാണ് വാര്‍ണറിന് ഇന്ത്യന്‍ സിനിമകളോടുള്ള സ്നേഹവും തുടങ്ങുന്നത്.

പല ഇന്ത്യന്‍ സിനിമാപ്പാട്ടുകളും രംഗങ്ങളും റിക്രിയേറ്റ് ചെയ്ത് വാര്‍ണര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്ക് ആരാധകരേറെയാണ്. സണ്‍റെെസേഴ്സ് ഹെെദരാബാദിനായി വലിയ നേട്ടങ്ങള്‍ കൊയ്തതിനൊപ്പം സൗത്ത് ഇന്ത്യന്‍ ആരാധകരെയും അദ്ദേഹം ഇങ്ങനെ കയ്യിലെടുത്തിരുന്നു.

അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 വിലെ 'പുഷ്പ പുഷ്പ പുഷ്പ രാജ്' എന്ന ഗാനത്തിന് ഡേവിഡ് വാർണർ ചുവടുവെച്ച വീഡിയോ വെെറലായതിനൊപ്പം വാര്‍ത്തകളിലും ഇടം നേടിയിരുന്നു. ഇതടക്കം വാര്‍ണറിന്‍റെ ഒട്ടുമിക്ക വീഡിയോകള്‍ക്കും അല്ലു അർജുന്‍ കമന്‍റുമായി എത്താറുണ്ട്.

പുഷ്പ വീഡിയോക്ക് പിന്നാലെ വാര്‍ണറും അല്ലുവിനൊപ്പം സിനിമയിലെത്തണമെന്ന ആവശ്യവുമായി ക്രിക്കറ്റ്-സിനിമാ ആരാധകരും വന്നിരുന്നു. ഇപ്പോള്‍ ഈ ആരാധകരെ ആവേശത്തിലാറാടിക്കുന്ന ചില സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്.

പുഷ്പ 2 വുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് പുഷ്പ 2 വിൽ ഡേവിഡ് വാർണർ അതിഥി വേഷത്തിൽ എത്തും. ഇന്ത്യാ ഗ്ലിറ്റ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെല്‍ബണിലാണ് നിലവില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നതെന്നും ഈ ഷെഡ്യൂളിലാണ് വാര്‍ണര്‍ ഭാഗമായിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

തെന്നിന്ത്യയുടെ ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് 'പുഷ്പ'. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം 2021-ലെ ബ്ലോക്ക്ബസ്റ്ററായിരുന്നു.

സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം ഇന്ത്യയിലെങ്ങും ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ 'പുഷ്പ: ദ റൂൾ' എന്ന രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഡിസംബർ ആറിനാണ് നിലവില്‍ ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ഡേവിഡ് വാർണർ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്ക് അദ്ദേഹം ഓസ്‌ട്രേലിയൻ ടീമിലേക്ക് മടങ്ങി വരും എന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.

dot image
To advertise here,contact us
dot image