കിഷ്കിന്ധാ കാണ്ഡം എന്ന സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ആസിഫ് അലിക്കും അപർണ ബാലമുരളിക്കുമൊപ്പം വിജയരാഘവനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ വിജയരാഘവന്റെ അപ്പുപിള്ള എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് വലിയ പ്രശംസയും പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ മേക്കപ്പിലും ശരീര ഭാഷയിലുമെല്ലാം വിജയരാഘവൻ നടത്തിയ സംഭാവനകളെക്കുറിച്ച് പറയുകയാണ് സിനിമയുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താനും തിരക്കഥാകൃത്ത് ബാഹുൽ രമേശും. സിനിമയുടെ വിശേഷങ്ങൾ റിപ്പോർട്ടറുമായി പങ്കുവെക്കുകയായിരുന്നു ഇരുവരും.
'ഈ കഥാപാത്രത്തിന് വിജയരാഘവൻ ചേട്ടന്റെ സംഭാവനകൾ കൂടുതലായി ഉണ്ടായിരുന്നു. മേക്കപ്പിന്റെ കാര്യത്തിലേക്ക് വന്നാൽ, ഞങ്ങൾ ഒരു റഫറൻസ് ഉണ്ടാക്കിയിരുന്നു. അവിടെ കുട്ടേട്ടൻ പറഞ്ഞു ദിൻജിത്തെ എന്റെ മനസ്സിൽ വേറെ ഒരു ഐഡിയയുണ്ട്, നിങ്ങൾക്ക് അത് ഓക്കേ ആണോ എന്ന് ചോദിച്ചു. അങ്ങനെയാണ് അപ്പുപിള്ളയുടെ രൂപമുണ്ടായത്,' എന്ന് ദിൻജിത്ത് പറഞ്ഞു.
'കുട്ടേട്ടൻ കഥാപാത്രങ്ങൾക്കായി ബോഡി ലാംഗ്വേജിൽ ചില ടെക്നിക്കുകൾ ഉപയോഗിക്കും. കക്ഷി അമ്മിണി പിള്ളയിൽ അദ്ദേഹം ഒരു കൈയ്ക്ക് സ്വാധീനക്കുറവുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അപ്പോൾ തന്നെ ഫണ്ടമെന്റലി ആ കഥാപാത്രം മാറി. പിന്നീട് ആ കഥാപാത്രം ചെയ്യുന്ന കാര്യങ്ങൾക്കൊക്കെ മുൻവേഷങ്ങളിൽ നിന്ന് ഒരു വ്യത്യസ്തത ഉണ്ടാകും. കിഷ്കിന്ധാ കാണ്ഡത്തിലേക്ക് വന്നാൽ ഇവിടെ വിരൽ തിരുമുന്ന ഒരു മാനറിസം അദ്ദേഹം കൊണ്ടുവന്നു. ഫ്രെയ്മിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹം സിനിമയിൽ ത്രൂഔട്ട് ആ മാനറിസം പിടിക്കും. അപ്പുപിള്ളയുടെ കഥാപാത്രം മൈൻഡ് വാണ്ടറിങ് ആയിട്ട് നടക്കുന്ന ആളാണ്. അതുകൊണ്ടാണ് ആ മാനറിസം പിടിക്കുന്നത്,' എന്ന് ബാഹുൽ രമേശ് വ്യക്തമാക്കി.