രജനി ആരാധകർ ആഘോഷമാക്കാൻ കാത്തിരിക്കുന്ന ചിത്രമാണ് ടി ജെ ജ്ഞാനവേൽ സംവിധാനത്തിലൊരുങ്ങുന്ന വേട്ടയ്യൻ. ചിത്രത്തിന്റേതായി പുറത്തുവിടുന്ന എല്ലാ അപ്ഡേറ്റുകൾക്കും പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കാറുള്ളത്. ഇപ്പോൾ ചിത്രത്തിന്റെ പ്രീവ്യൂ ആരാധകർക്കായി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
പൊലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രത്തിന്റെ കഥയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വ്യാജ ഏറ്റുമുട്ടല്‍കൊലകളും ചിത്രത്തിന് വിഷയമാകുന്നുണ്ട്. എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായി രജിനി വരുമ്പോള്‍ ഇരുവരും തമ്മിലുള്ള പോരാട്ടമാകും സിനിമ.
പാട്രിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍താരം റാണാ ദഗ്ഗുബട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. ഇവര്‍ക്ക് പുറമെ
മഞ്ജു വാര്യര്‍, റിതിക സിങ്, ദുഷാരാ വിജയന്‍, തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാള നടന്‍ സാബുമോനും പ്രിവ്യുവില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ 'മനസിലായോ' എന്ന ഗാനം വലിയ ആരാധകപ്രീതി നേടിയിട്ടുണ്ട്. രജനികാന്തിനൊപ്പം മഞ്ജു വാര്യറും ആടിതിമിര്‍ത്ത ഈ പാട്ടിലെ മലയാള ഭാഷാ പ്രയോഗങ്ങളും 'ചേട്ടന്‍' വിളിയും മലയാളികള്‍ക്കിടയിലും ട്രെന്‍ഡിങ്ങായിരുന്നു.
'വേട്ടയ്യൻ' സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. രജനികാന്തിൻ്റെ മുൻ ചിത്രങ്ങളായ ജയിലറും ലാൽ സലാമും കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിനൊരുങ്ങുന്നത്.