Jan 24, 2025
01:18 AM
അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലയുടെ ഓഡിയോ റൈറ്റ്‌സ് പാര്‍ട്ണറായി സോണി മ്യൂസിക്. അമല്‍ നീരദ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ബോഗയ്ന്‍വില്ലയുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം വരുന്ന പോസ്റ്ററും അമല്‍ നീരദ് പങ്കുവെച്ചിട്ടുണ്ട്.
ഒരു ചീട്ടിന്റെ ഡിസൈനിലുള്ള പോസ്റ്ററില്‍ കുറച്ച് പേര്‍ക്ക് നടുവിലാണ് സുഷിന്‍ ശ്യാം നില്‍ക്കുന്നത്. വരത്തന്‍, ട്രാന്‍സ്, ഭീഷ്മ പര്‍വ്വം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള അമല്‍ നീരദ് -സുഷിന്‍ ശ്യാം ടീമിന്റെ തുടര്‍ച്ചയായ നാലം കൂട്ടുക്കെട്ടാണിത്. ഹിറ്റുകള്‍ സമ്മാനിച്ച ഈ കോംബോ കൂടി ബോഗയ്ന്‍വില്ലയുടെ പ്രതീക്ഷ കൂട്ടുന്ന ഘടകമാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അമല്‍ നീരദ് പുറത്തുവിട്ടിരുന്നു. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ ഗെറ്റപ്പാണ് പോസ്റ്ററിലുണ്ടായിരുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും സിനിമ ഉടന്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ബോഗയ്ന്‍വില്ലയുടെ ഓരോ അപ്‌ഡേറ്റിനെയും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. അമല്‍ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല. സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്ന റിപ്പോര്‍ട്ടുകളുണ്ട്.
ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. വീണാ നന്ദകുമാറാണ് മറ്റൊരു താരം. ഷറഫുദ്ദീനും ശ്രിന്ദയും ചിത്രത്തിലുണ്ട്. ആറ് അഭിനേതാക്കളുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദുമാണ് ചിത്രത്തിന്റെ തിരക്കഥ. ഭീഷ്മപര്‍വ്വം, വരത്തന്‍ എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ബോഗയ്ന്‍വില്ലയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിങ്.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജ്യോതിര്‍മയിയും ഉദയ പിക്ചേഴ്സിന്‍റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.