'ജയിലർ' ഒരു ഓൾ ടൈം റെക്കോർഡ് സിനിമയായിരുന്നുവെങ്കിൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി വേറെയൊരു ഴോണർ സിനിമയാണ് വേട്ടയ്യനെന്ന് അനിരുദ്ധ് രവിചന്ദർ. സൂപ്പർസ്റ്റാറിനൊപ്പം വർക്ക് ചെയ്യുമ്പോൾ എന്തുകൊണ്ട് ഒരു മാജിക് സംഭവിക്കുന്നെന്ന് തനിക്ക് ജഡ്ജ് ചെയ്യാൻ പറ്റാത്ത കാര്യമാണ്. ഒരുപക്ഷെ, രജനി സാറിന്റെ ഫാൻ ആയതിനാൽ തനിക്ക് എല്ലാം എക്സ്ട്രാ സ്പെഷ്യൽ ആകുന്നതാണ്. ഒപ്പം ലോകേഷ് ചിത്രം 'കൂലി' വേറെ ലെവൽ സംഭവമായിരിക്കുമെന്നും വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിൽ മാധ്യമങ്ങളോട് സംസാരിക്കവേ അനിരുദ്ധ് പറഞ്ഞു.
'എന്തുകൊണ്ടോ രജനി സാറും ഞാനുമായുള്ള കോമ്പിനേഷൻ ആളുകൾക്ക് ഇഷ്ട്ടമാകുന്നുണ്ട്. തീർച്ചയായും രജനി സാറിനൊപ്പം ഞാൻ ചെയ്ത സിനിമകളിൽ നിന്ന് വ്യത്യസ്തമായൊരു ചിത്രമാകും വേട്ടയ്യൻ', അനിരുദ്ധ് തന്റെ അഭിപ്രായം പങ്കുവെച്ചതിങ്ങനെ.
അനിരുദ്ധ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രത്തിലേതായി ആദ്യം പുറത്തിറങ്ങിയ 'മനസ്സിലായോ' എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലാണ്. 'ജയ് ഭീം' എന്ന സിനിമക്ക് ശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വേട്ടയ്യൻ'. ചിത്രത്തിന്റെ പ്രിവ്യൂ ആരാധകർക്കായി ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
വ്യാജ ഏറ്റുമുട്ടല്‍കൊലകളും ചിത്രത്തിന് വിഷയമാകുന്നുണ്ട്. എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായി രജനി വരുമ്പോള്‍ ഇരുവരും തമ്മിലുള്ള പോരാട്ടമാകും സിനിമ. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒക്ടോബർ 10ന് റിലീസ് ചെയ്യും.
ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കൾ. 'വേട്ടയ്യൻ' സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. രജനികാന്തിൻ്റെ മുൻ ചിത്രങ്ങളായ ജയിലറും ലാൽ സലാമും കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു.