മുഖമില്ലാത്ത തുടക്കം, ഇന്നൊരു സിനിമയുടെ തന്നെ മുഖം; കൈയ്യടി നേടി ഹക്കിം ഷാ എന്ന നായകൻ

വിഷ്ണു മോഹൻ സംവിധാനം ചെയ്ത 'കഥ ഇന്നുവരെ' തിയേറ്ററിലെത്തുമ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന പ്രകടനമാകുന്നു, ബിവറേജിലെ ജീവനക്കാരൻ ആയ ഹക്കിമിന്റെ കഥാപാത്രം.

dot image

'ചാർലി'യിൽ വീടുവിട്ടിറങ്ങുന്ന ടെസ്സ യാത്രാമധ്യേ ഒരു സ്കൂട്ടറിന് കൈ കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാനം അത് ദുൽഖർ ആയിരുന്നു എന്ന് കാഴ്ചക്കാർക്ക് മനസ്സിലാക്കുമ്പോൾ ടെസ്സയെ പോലെ നമുക്കും അനുഭവപ്പെട്ട അമ്പരപ്പ്. എന്നാൽ യാഥാർഥ്യത്തിൽ മുഖമില്ലാത്ത ആ ചാർളിയുടെ രൂപം ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാൾ കൂടിയായ ഹക്കിം ഷാ ആയിരുന്നു. അന്ന് അയാൾക്ക് ഉണ്ടായിരുന്നത് രൂപം മാത്രമായിരുന്നു, മുഖമില്ലായിരുന്നു. എന്നാൽ ഇന്ന് ഹക്കിമിന്റെ ആ മുഖത്തിനൊരു മൂല്യമുണ്ട്.

സിനിമ പാരമ്പര്യമൊന്നുമില്ലാതെ മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമയിലേക്കുള്ള തുടക്കം. ഇന്ന് ഒരു ചിത്രത്തെ താങ്ങി നിർത്തി അതിൽ കൈയ്യടി നേടുന്ന പ്രകടനം കൊണ്ട് അമ്പരപ്പിക്കുന്ന നടനിലേക്കുള്ള കൂടുമാറ്റം. വിഷ്ണു മോഹൻ സംവിധാനം ചെയ്ത കഥ ഇന്നുവരെ തിയേറ്ററിലെത്തുമ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന പ്രകടനമാകുന്നു, ബിവറേജിലെ ജീവനക്കാരൻ ആയ ഹക്കിമിന്റെ കഥാപാത്രം.

പ്രണയവിലാസത്തിലെ രണ്ടാം പകുതിയിൽ അത്രയും നേരം സഞ്ചരിച്ച സിനിമയുടെ മുഴുവൻ ഒഴുക്കിനെയും മാറ്റിമറിച്ച് കഥയിലേക്ക് എത്തി അവസാനം ഒരു വിങ്ങലായി അവസാനിച്ച വിനോദ്. യുവാവും മധ്യവയസ്‌ക്കനുമായി ഒരു സംശയവും ഉളവാക്കാതെയുള്ള പ്രകടനം. അതിന് മുൻപ് 'കടസീല ബിരിയാണി'യിലെ ദാക്ഷിണ്യം തൊട്ടുതീണ്ടാത്ത എക്സ്ട്രീം സൈക്കോയായ ജോഹൻ. ഓരോ സിനിമയിലും വ്യത്യസ്ത കഥാപാത്രവും അതിന്റെ പരിപൂർണതയിലുള്ള ഹക്കിമിന്റെ അവതരണവും, ശരിക്കും ഞെട്ടിക്കുന്ന പ്രകടനങ്ങൾ.

പല കാലഘട്ടത്തിലുള്ള വ്യത്യസ്ത മനുഷ്യരുടെ ജീവിതങ്ങൾ, അവരുടെ പ്രണയങ്ങൾ.. കഥ ഇന്നുവരെയിൽ പറയുന്നത് ഇതാണ്.. നിറയെ പ്രണയവും അല്പം നൊമ്പരവും ആയി മുന്നേറുന്ന ചിത്രത്തിൽ ഹക്കിം - അനുശ്രീ സെഗ്മെൻ്റ് എത്തുമ്പോൾ പ്രണയത്തോടൊപ്പം ചിരിയും കടന്നു വരുന്നുണ്ട്. അതിന് കാരണമാകുന്നതും ഹക്കിമിലെ അഭിനേതാവാണ്. ചില നോട്ടങ്ങൾ കൊണ്ടും റിയാക്ഷനുകൾ കൊണ്ടും ഡയലോഗ് ഡെലിവറിയിലെ ഏറ്റക്കുറച്ചിലുകളും കൊണ്ടും ഹക്കിം ചിരിപ്പിക്കുന്നു. അതിനൊപ്പം തന്നെ ഹക്കിമിലെ പ്രണയനായകനും അമ്പരപ്പിക്കുന്നു.

പ്രകടനത്തിൽ ഒരുപോലെ മികച്ച് നിൽക്കുന്ന അനുശ്രീയോടൊപ്പമുള്ള ഹക്കിമിന്റെ കെമിസ്ട്രിയും അവരുടെ പ്രണയത്തെ കൂടുതൽ മനോഹരമാക്കുന്നു. കഥയിലൊരിടത്ത് അനുശ്രീയുടെ കഥാപാത്രത്തെപ്പറ്റിയുള്ള ഒരു ചെറിയ ട്വിസ്റ്റ് അറിയുമ്പോഴുള്ള ഹക്കിമിന്റെ അമ്പരന്നുള്ള നോട്ടവും നിസ്സഹായനായുള്ള ഇരുത്തവുമൊക്കെ തിയേറ്ററിൽ ചിരി പടർത്തുന്നു. തീർച്ചയായും മലയാള സിനിമ ഇനിയും ഒരുപാട് ഉപയോഗിക്കേണ്ട നടൻ തന്നെയാണ് ഹക്കിം ഷാ. അയാളിലെ അഭിനേതാവ് അത് അർഹിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us