വേട്ടയ്യനിൽ എല്ലാ കഥാപാത്രങ്ങൾക്കും അവരവരുടെ ട്രാക്കിൽ കഥയിൽ പ്രാധാന്യമുണ്ടെന്നും തന്റെ കഥാപാത്രം ചിത്രത്തിൽ ഒരു സുപ്രധാന ഭാഗമാണെന്നും നടി മഞ്ജു വാര്യർ. ഞങ്ങൾ വളരെ ഹാപ്പിയായി ഷൂട്ട് ചെയ്ത പാട്ടാണ് 'മനസ്സിലായോ.' അത് പ്രേക്ഷകർക്ക് ഇഷ്ട്ടമായെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു. വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ.
'മനസ്സിലായോ ഇത്രയും ഹിറ്റാകുമെന്ന് ഞാൻ കരുതിയില്ല. നല്ല കഥയിൽ നല്ല സംവിധായകന്മാരൊപ്പവും നല്ല നടന്മാരൊപ്പവും ജനങ്ങൾക്ക് ഇഷ്ട്ടപെടുന്ന സിനിമകൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. വേട്ടയ്യനിൽ എല്ലാ കഥാപാത്രങ്ങൾക്കും അവരവരുടെ ട്രാക്കിൽ കഥയിൽ പ്രാധാന്യമുണ്ട്. നിങ്ങൾ ജ്ഞാനവേൽ സാറിന്റെ പടങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാകും, വെറുതെ ഒരു കഥാപാത്രത്തിനെ സിനിമയിലേക്ക് പ്ലേസ് ചെയ്യുന്ന ആളല്ല അദ്ദേഹം', മഞ്ജു വാര്യർ പറഞ്ഞു.
ചിത്രത്തിൽ രജനികാന്തിന്റെ ഭാര്യയുടെ റോളിലാണ് മഞ്ജു വാര്യർ എത്തുന്നത്. മഞ്ജു വാര്യറിന്റെ ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. വേട്ടയ്യന്റെ ആത്മാവിനെയും ഹൃദയത്തെയും പരിചയപ്പെടുത്തുന്നു എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ വീഡിയോ പങ്കുവച്ചത്.
ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിന്റെ പ്രിവ്യൂ ഇന്നലെ പുറത്തുവന്നിരുന്നു.
വേട്ടയ്യൻ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒക്ടോബർ 10ന് റിലീസ് ചെയ്യും. ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്‍റെ സംഗീതം.