ഞാന്‍ ഓവറാക്കി പറയുകയാണെന്ന് തോന്നാം, പക്ഷെ 'അഴകിയ ലൈലാ..' സീൻ തമിഴ്‌നാട്ടില്‍ ട്രെന്‍ഡിങ്ങായിരുന്നു: നിഖില

സിനിമ ഇറങ്ങിയ ശേഷം ദിവസവും നൂറില്‍ കൂടുതല്‍ പേര്‍ ഇന്‍സ്റ്റയിലും മറ്റും സ്റ്റോറിയില്‍ ഈ പാട്ടിനൊപ്പം മെന്‍ഷന്‍ ചെയ്യുമായിരുന്നു

dot image

ഗുരുവായൂരമ്പല നടയില്‍ ചിത്രത്തിന് പിന്നാലെ അഴകിയ ലൈലാ.. എന്ന തമിഴ് ഗാനം വീണ്ടും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തില്‍ നിഖില വിമല്‍ അവതരിപ്പിച്ച പാര്‍വതി എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രൊ സോങ്ങായിട്ടായിരുന്നു ഈ ഗാനം വന്നിരുന്നത്.

ഈ പാട്ട് വരുന്ന ഗുരുവായൂരമ്പലനടയിലെ സീനുകള്‍ തമിഴ്‌നാട്ടിലും വലിയ ഹിറ്റായിരുന്നു എന്ന് പറയുകയാണ് നിഖില വിമല്‍. മാരി സെല്‍വരാജിന്റെ വാഴൈ എന്ന തമിഴ് സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി തമിഴ്‌നാട്ടില്‍ പോയപ്പോള്‍ തനിക്കത് നേരിട്ട് കാണാനായി എന്നും നിഖില പറയുന്നു. മൂവിമാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖില ഇക്കാര്യം പറഞ്ഞത്.

'ഞാന്‍ തന്നെ പറയുമ്പോള്‍ ഓവറായി പറയുകയാണെന്ന് ആളുകള്‍ക്ക് തോന്നാം. പക്ഷെ തമിഴ്‌നാട്ടില്‍ ഈ പാട്ട് ട്രെന്‍ഡിങ്ങായിരുന്നു. അവരുടെ ഹിറ്റ് സോങ്ങാണല്ലോ, അതുകൊണ്ടായിരിക്കാം. ഇവിടെയുള്ളതിനേക്കാള്‍ ഹിറ്റായിരുന്നു തമിഴ്‌നാട്ടില്‍ അഴകിയ ലൈലാ.

ഗുരുവായൂരമ്പല നടയില്‍ ഒരു പീക്ക് മൊമന്റിലാണല്ലോ ആ പാട്ട് വരുന്നത്. അതുകൊണ്ട് എനിക്ക് എവിടെയും ഈ പാട്ടിനെ കുറിച്ച് ഷെയര്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു. പക്ഷെ സിനിമ ഇറങ്ങിയ ശേഷം ദിവസവും നൂറില്‍ കൂടുതല്‍ പേര്‍ ഇന്‍സ്റ്റയിലും മറ്റും സ്റ്റോറിയില്‍ പാട്ടിനൊപ്പം മെന്‍ഷന്‍ ചെയ്യുമായിരുന്നു. ഒ.ടി.ടി റിലീസ് വരെ എല്ലാ ദിവസവുമെന്ന പോലെ ഇങ്ങനെ മെന്‍ഷന്‍ വരുമായിരുന്നു,' നിഖില പറഞ്ഞു.

ഗുരുവായൂരമ്പലനടയിലെ തന്റെ പ്രകടനത്തിന് കേരളത്തില്‍ നിന്നും വലിയ വിമര്‍ശനം നേരിട്ടിരുന്നുവെന്നും എന്നാല്‍ തമിഴ്‌നാട്ടില്‍ വിജയച്ചിത്രത്തിന്റെ ഭാഗമായ ആളെന്ന നിലയിലായിരുന്നു പ്രതികരണമെന്നും നിഖില പറഞ്ഞു.

'ഗുരുവായൂരമ്പല നടയില്‍ ഇറങ്ങിയപ്പോള്‍ ഒറ്റ എക്‌സ്പ്രഷനില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞ് ഇവിടെയുള്ളവര്‍ തെറിവിളിയായിരുന്നു. പക്ഷെ ആ സമയത്ത് തമിഴ്‌നാട്ടില്‍ ചെന്നപ്പോള്‍ പടത്തിന്റെ വിജയത്തെ എങ്ങനെ കാണുന്നു എന്നായിരുന്നു ചോദ്യം. പ്രത്യേകിച്ചൊന്നും തോന്നുന്നില്ല എന്നായിരുന്നു എന്റെ മറുപടി,' ചിരിയോടെ നിഖില വിമല്‍ പറഞ്ഞു.

ഗുരുവായൂരമ്പല നടയില്‍, വാഴൈ എന്നീ സിനിമകള്‍ക്ക് ശേഷം നിഖില വിമല്‍ അഭിനയിച്ച 'കഥ ഇന്നുവരെ' സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തിയിരുന്നു. ഒരു ജാതി ജാതകം, ഗെറ്റ്-സെറ്റ് ബേബി എന്നീ ചിത്രങ്ങളും അനലി എന്ന വെബ് സീരിസുമാണ് നടിയുടേതായി റിലീസ് ചെയ്യാനുള്ള ചില പ്രോജക്ടുകള്‍.

dot image
To advertise here,contact us
dot image