4 സർജറികൾ, നടക്കാൻ പോലും ബുദ്ധിമുട്ടി; ഒടുവിൽ വേട്ടയ്യൻ സ്‌റ്റേജിൽ കിടിലൻ കം ബാക്കുമായി ഡിഡി

കരിയറിലേക്ക് ഇനി തിരിച്ചുവരുമോയെന്ന ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് അപ്രതീക്ഷിതമായി സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രമായ വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിന്റെ അവതാരകയായി ദിവ്യദർശിനി എത്തിയത്.

dot image

തമിഴ് അവതാരകരിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ദിവ്യദർശിനി നീലകണ്ഠൻ എന്ന ഡിഡി. സ്റ്റാർ വിജയ് ചാനലിൽ നിരവധി മികച്ച ഷോകൾ ചെയ്തിരുന്ന ദിവ്യദർശിനിയുടെ കോഫി വിത്ത് ഡിഡി എന്ന പരിപാടി തമിഴ് ടെലിവിഷന്‍ രംഗത്തെ എക്കാലത്തെയും ഹിറ്റ് പരിപാടികളിലൊന്നാണ്.

ചാനൽ പരിപാടികൾക്ക് പുറമെ വിവിധ അവാർഡ് ഷോകളുടെ അവതാരകയായും ഡിഡി തിളങ്ങിയിരുന്നു. എന്നാൽ ഇടക്കാലത്ത് ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമായതോടെ ചാനലിൽ നിന്നും സ്റ്റേജ് പരിപാടികളിൽ നിന്നും ദിവ്യദർശിനി വിട്ടുനിന്നു. വർഷങ്ങളായി അലട്ടികൊണ്ടിരുന്ന കാൽമുട്ടുവേദന കാരണമായിരുന്നു ഇത്.


നടക്കാൻ പോലും ബുദ്ധിമുട്ടിലായതോടെയാണ് ദിവ്യദർശിനി കരിയറിൽ ഒരു ബ്രേക്ക് എടുത്തത്. എതാനും ദിവസങ്ങൾക്ക് മുമ്പ് താൻ തടന്നുപോയ വിഷമഘട്ടങ്ങളെ കുറിച്ച് ദിവ്യദർശിനി തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ നാല് സർജറികൾക്കാണ് താൻ വിധേയ ആയതെന്നും കഴിഞ്ഞ മൂന്ന് മാസക്കാലം തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും വേദന നിറഞ്ഞതുമായിരുന്നെന്നും ദിവ്യദർശിനി പറഞ്ഞു.

തന്റെ കാൽമുട്ട് പൂർണമായി മാറ്റിവെച്ചെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കരിയറിലേക്ക് ദിവ്യ ഇനി തിരിച്ചുവരുമോയെന്ന ചോദ്യങ്ങൾ ഉയര്‍ന്നു. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തുന്ന കം ബാക്ക് നടത്തിയിരിക്കുകയാണ് ഡിഡി. സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രമായ വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിന്റെ അവതാരകയായാണ് ഡിഡിയുടെ തിരിച്ചുവരവ്.

അഞ്ച് മണിക്കൂറോളം നീണ്ട പരിപാടി പൂർണമായി അവതരിപ്പിച്ച ദിവ്യദർശിനി പരിപാടിക്ക് മുന്നോടിയായി 'മനസിലായോ' ഗാനത്തിന് ചുവടുവെക്കുകയും ചെയ്തിരുന്നു. ഇതിനിടെ മറ്റാളുകളുടെ കൈപിടിച്ച് സ്റ്റേജിലേക്ക് കയറുന്ന ഡിഡിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

നിരവധി പേരാണ് ഡിഡിയുടെ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്. ദിവ്യദർശിനി എല്ലാവർക്കും പ്രചോദനമാണെന്നും തിരിച്ചടികളിൽ വീണുപോകാതെ മുന്നോട്ട് പോകാനുള്ള

മാതൃകയാണെന്നുമാണ് ആരാധകരിൽ ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

വെള്ളിത്തിരയിൽ അമ്പത് വർഷം തികയ്ക്കുന്ന രജനികാന്തിനായി തമിഴ് സിനിമാലോകം ഒരുക്കുന്ന പ്രത്യേക പരിപാടിയുടെ അവതാരകയായി ദിവ്യദർശിനിയെ വിളിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

ഒക്ടോബർ പത്തിനാണ് വേട്ടയ്യൻ റിലീസിനെത്തുന്നത്. അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ ദഗ്ഗുബട്ടി, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് , ഫഹദ് ഫാസിൽ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

dot image
To advertise here,contact us
dot image