ആസിഫ് അലി നായകനായെത്തിയ ചിത്രം കിഷ്കിന്ധാ കാണ്ഡം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും ടിക്കറ്റ് വില്പനയിൽ ഒന്നാം സ്ഥാനത്താണ് ചിത്രം. ബുക്ക് മൈ ഷോ പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഒന്നര ലക്ഷത്തോളം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റു പോയിരിക്കുന്നത്.
തൊണ്ണൂറ്റി ഒമ്പതിനായിരം ടിക്കറ്റുകൾ വിറ്റുകൊണ്ട് ടൊവിനോ തോമസ് നായകനായ എ ആർ എം രണ്ടാം സ്ഥാനത്തുണ്ട്. ബോളിവുഡ് സിനിമ സ്ത്രീ 2 ആണ് മൂന്നാം സ്ഥാനത്ത്. എഴുപത്തി മൂവായിരം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റു പോയിരിക്കുന്നത്.
അതേസമയം, 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്. 50 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം ഇപ്പോൾ. അനൂപ് മേനോൻ, സത്യൻ അന്തിക്കാട്, 'ആട്ടം' സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി തുടങ്ങി നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് ലഭിക്കുന്നത്.