
വിജയ് നായകനായെത്തിയ ഗോട്ട് റിലീസ് ചെയ്ത് 17 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യൻ ബോക്സ്ഓഫീസിൽ അടിപതറുന്ന കാഴ്ചയാണുള്ളത്. സെപ്റ്റംബർ അഞ്ചിന് റിലീസ് ചെയ്‌ത സിനിമ മൂന്ന് ദിവസം കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. പിന്നീട് അധികം വെെകാതെ 200 കോടി ക്ലബിലേക്കും ചിത്രം കുതിച്ചു. പക്ഷെ, പിന്നീട് സിനിമയുടെ കളക്ഷനിൽ വലിയ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
17 ാം ദിവസത്തിൽ ചിത്രം രാജ്യത്ത് നിന്ന് നാല് കോടി മാത്രമാണ് നേടിയത്. ഇതോടെ ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് ആകെ 238.45 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും സിനിമയ്ക്ക് 250 കോടി ക്ലബിലെത്താൻ കഴിഞ്ഞിട്ടില്ല എന്നത് നിരാശാജനകമാണെന്നാണ് വിലയിരുത്തൽ.
എന്നാൽ ആഗോളതലത്തിൽ സിനിമ 400 കോടിയിലധികം നേടി കഴിഞ്ഞു. 13 ദിവസങ്ങൾ കൊണ്ടാണ് സിനിമ ഈ നേട്ടം കൈവരിച്ചത്. 400 കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ വിജയ്
സിനിമയാണ് ഗോട്ട്. ലിയോ ആണ് ഇതിന് മുന്നേ ഈ നേട്ടം കൈവരിച്ച ചിത്രം.
വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ഗോട്ടിന്‍റെ' പ്രൊഡക്ഷൻ ഹൗസ് എജിഎസ് എൻ്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ്. യുവന്‍ ശങ്കർ രാജയാണ് സംഗീതം.