ബ്രഹ്‌മാണ്ഡ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് ഷങ്കർ. യന്തിരൻ, ശിവാജി, ഐ തുടങ്ങിയ ചിത്രങ്ങൾ വൻ വിജയമായിരുന്നെങ്കിലും സമീപകാലത്ത് ഇറങ്ങിയ ഷങ്കർ ചിത്രങ്ങൾ അത്ര നല്ല അഭിപ്രായങ്ങൾ അല്ല നേടിയത്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഇന്ത്യൻ 2 ബോക്‌സോഫീസിൽ വന്‍ പരാജയമായിരുന്നു.
ഇതിനിടെ തമിഴിലെ എക്കാലത്തെയും ഹിറ്റ് നോവലുകളിൽ ഒന്നായ എസ്.വെങ്കടേശന്റെ 'വീരയുഗ നായകൻ വേൽ പാരി' താൻ സിനിമയാക്കുമെന്നും തിരക്കഥ എഴുതികൊണ്ടിരിക്കുകയാണെന്നും ഷങ്കർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ താൻ പകർപ്പവകാശം നേടിയ നോവലിന്‍റെ ആശയം പുതിയ ഒരു സിനിമ കോപ്പിയടിച്ചെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഷങ്കർ ഇപ്പോൾ.
നോവലിലെ പ്രധാന രംഗങ്ങൾ കോപ്പിയടിച്ച് പുതുതായി ഇറങ്ങുന്ന സിനിമയ്ക്കായി ഉപയോഗിച്ചെന്നും ഇത് വേദനാജനകമാണെന്നുമാണ് ഷങ്കർ ആരോപിക്കുന്നത്. സിനിമയുടെ ട്രെയ്‌ലറിൽ ആണ് ഇത് ഉപയോഗിച്ചതെന്നും ഷങ്കർ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
'വെങ്കിടേശന്റെ വിഖ്യാതമായ 'നവയുഗ നായകൻ വേൽ പാരി' എന്ന തമിഴ് നോവലിന്റെ പകർപ്പവകാശ ഉടമ എന്ന നിലയിൽ, ഈ നോവലിലെ പ്രധാന രംഗങ്ങൾ അനുവാദമില്ലാതെ പല സിനിമകളിലും ഉപയോഗിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഏറ്റവും പുതിയ
ഒരു സിനിമയുടെ ട്രെയിലറിലും നോവലിലെ പ്രധാന രംഗങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കണ്ടു. ഇത് ഏറെ വേദനാജനകവും അസ്വസ്ഥതപ്പെടുത്തുന്നതുമാണ്. ദയവായി, സിനിമകളിലും വെബ് സീരീസുകളിലും തുടങ്ങി ഒരു മാധ്യമത്തിലും ഈ നോവലിലെ രംഗങ്ങൾ ഉപയോഗിക്കരുത്. സൃഷ്ടാക്കളുടെ അവകാശങ്ങൾ മാനിക്കുക, അനുവാദമില്ലാതെ ദൃശ്യങ്ങൾ എടുക്കരുത്, ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും' എന്നായിരുന്നു ഷങ്കർ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.
അതേസമയം ഷങ്കറിന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഏത് സിനിമയ്‌ക്കെതിരെയാണ് ഷങ്കർ ആരോപണം ഉന്നയിച്ചതെന്നാണ് സോഷ്യൽ മീഡിയ തിരയുന്നത്. സൂര്യ നായകനാവുന്ന കങ്കുവയാണ് ഇറങ്ങാനിരിക്കുന്ന പീരീഡ് സിനിമയെന്നും അതുകൊണ്ട് തന്നെ കങ്കുവയ്‌ക്കെതിരെയാണ് ഷങ്കർ ആരോപണം ഉന്നയിച്ചതെന്നുമാണ് ഒരു കൂട്ടം ആളുകൾ ആരോപിക്കുന്നത്.
എന്നാൽ ഞായറാഴ്ച റിലീസ് ചെയ്ത ജൂനിയർ എൻടിആർ നായകനാവുന്ന ദേവരയുടെ ട്രെയ്‌ലറിനെതിരെയാണ് ഷങ്കറിന്റെ ആരോപണമെന്നും നോവൽ വായിച്ചവർക്ക് അത് മനസിലാകുമെന്നും ചിലർ പറയുന്നുണ്ട്.
നിലവിൽ രാംചരൺ നായകനാവുന്ന 'ഗെയിം ചെയ്ഞ്ചർ' ആണ് ഷങ്കറിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഐ എ എസ് ഉദ്യോഗസ്ഥനായി രാം ചരൺ എത്തുന്ന ചിത്രത്തിൽ
ജയറാമും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.