ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടർന്ന് ടൊവിനോ തോമസ് ചിത്രം 'അജയന്റെ രണ്ടാം മോഷണം'. സെപ്റ്റംബർ 12ന് ഓണം റിലീസായി തിയേറ്ററിലെത്തിയ ചിത്രം പതിനൊന്ന് ദിവസം കൊണ്ട് 64 കോടി ആഗോള കളക്ഷൻ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം
ചിത്രം 37.51 കോടി നേടിയെന്നാണ് സാക്നിക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ടൊവിനോയുടെ തന്നെ ചിത്രമായ 'തല്ലുമാല' നേടിയ 47 കോടിയെ മറികടന്ന് ടൊവിനോയുടെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് 'അജയന്റെ രണ്ടാം മോഷണം'.
ഓവർസീസ് മാർക്കറ്റില്‍ നിന്നും ചിത്രത്തിന് നല്ല കളക്ഷനും അഭിപ്രായവും ലഭിക്കുന്നുണ്ട്. 24.6 കോടിയാണ് ചിത്രം ഇതുവരെ ഓവർസീസിൽ നിന്നും നേടിയത്. പതിനൊന്നാം ദിവസമായ ഇന്നലെ 3.66 കോടിയാണ് ചിത്രത്തിന്റെ കേരള കളക്ഷൻ. അഞ്ച് ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തില്‍ 50 കോടി കടന്നത്. ടൊവിനോയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ഏറെ നാളുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് ലഭിച്ച 3ഡി ചിത്രമെന്ന നിലയിൽ ഇരുകയ്യും നീട്ടിയാണ് എആർഎമ്മിനെ ഓണക്കാലത്ത് പ്രേക്ഷകർ വരവേറ്റത്.
അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് വേഷങ്ങളിൽ മികച്ച പ്രകടനമാണ് ചിത്രത്തിൽ ടൊവിനോ കാഴ്ചവച്ചിരിക്കുന്നത്. മണിയൻ എന്ന കഥാപാത്രത്തിന് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്.
നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്. ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.