ആട്ടവും ആടുജീവിതവും അല്ല, ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ബോളിവുഡ് ചിത്രം 'ലാപതാ ലേഡീസ്''

'തങ്കലാൻ', 'വാഴൈ', 'ഉള്ളൊഴുക്ക്', 'ശ്രീകാന്ത്' എന്നിവയും 'ലാപതാ ലേഡീസു'മാണ് ജൂറിയുടെ അവസാന അഞ്ച് സിനിമകളിൽ ഇടം നേടിയത്.

dot image

97-ാമത് ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് ചിത്രം 'ലാപതാ ലേഡീസ്'. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയിലെ 13 അംഗ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്. 29 ചിത്രങ്ങൾക്കൊപ്പം മത്സരിച്ചാണ് കിരൺ റാവു സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയത്. മലയാളത്തിൽ നിന്ന് 'ആടുജീവിതം', 'ഉള്ളൊഴുക്ക്', 'ആട്ടം', 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്നീ ചിത്രങ്ങള്‍ എൻട്രിക്കായി പരിഗണിച്ചിരുന്നു.

12 ഹിന്ദി സിനിമകള്‍, 6 തമിഴ് സിനിമകൾ, 4 മലയാളം സിനിമകൾ, 3 തെലുങ്ക് സിനിമകൾ, 4 മറാഠി സിനിമകൾ എന്നിവയിൽ നിന്നുമാണ് 'ലാപതാ ലേഡീസ്' തിരഞ്ഞെടുത്തത്. ഹനു-മാൻ, കൽക്കി 2898 എ.ഡി, മഹാരാജാ, അനിമൽ, കിൽ, ജിഗർതാണ്ഡ 2, ചന്തു ചാമ്പ്യൻ, സാം ബഹദൂർ, സ്വാതന്ത്ര്യ വീർ സവർക്കർ, ഗുഡ് ലക്ക്, ഘരത് ഗണപതി, മൈതാന്‍, ജോറാം, കൊട്ടുകാളി, ജമ, ആർട്ടിക്കിൾ 370, ആട്ടം, ആടുജീവിതം, ഓൾ വി ഇമാജിൻസ് ആസ് ലൈറ്റ് എന്നിവയും 29 ചിത്രങ്ങളിൽ ഉൾപ്പെട്ടിരുന്നു.

തങ്കലാൻ, വാഴൈ, ഉള്ളൊഴുക്ക്, ശ്രീകാന്ത് എന്നിവയും ലാപതാ ലേഡീസുമാണ് ജൂറിയുടെ അവസാന അഞ്ച് സിനിമകളിൽ ഇടം നേടിയത്. ജിയോ സ്റ്റുഡിയോസ്, ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്‍ലിംഗ് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആമിര്‍ ഖാന്‍, കിരണ്‍ റാവു, ജ്യോതി ദേശ്‍പാണ്ഡെ എന്നിവരായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്. ലാപതാ ലേഡീസിൽ പുതുമുഖങ്ങളായ നിതാൻഷി ഗോയൽ, പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ് എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഛായ കദം, രവി കിഷൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. ബിപ്ലബ് ഗോസാമിയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സ്നേഹ ദേശായി ആണ്.

മാർച്ച് 1 ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം നിരവധി നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു ട്രെയിൻ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപതാ ലേഡീസ് പറയുന്നത്. ചിത്രം നിലവില്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.

dot image
To advertise here,contact us
dot image