'കാളമുഖ'ത്തിന് പുറകിലെ മുഖം, ബൈസൺ ഒരുങ്ങുന്നു; ധ്രുവ് വിക്രം - മാരി സെൽവരാജ് ചിത്രം പുതിയ പോസ്റ്റർ

തമിഴ്നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്

dot image

യുവതാരം ധ്രുവ് വിക്രമിനെ നായകനാക്കി മാരിസെൽവരാജ് ഒരുക്കുന്ന പുതിയ ചിത്രം ബൈസണിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ധ്രുവ് വിക്രമിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടത്. കൂറ്റൻ കാളയുടെ മുഖം കൈയിൽ പിടിച്ച് നിൽക്കുന്ന ധ്രുവിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

സൂപ്പർ ഹിറ്റായ വാഴൈ സിനിമയ്ക്ക് ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ബൈസൺ ഒരു സ്‌പോർട്‌സ് ഡ്രാമയാണെന്നാണ് സൂചന. തമിഴ്നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ അർജുന അവാർഡ് സ്വന്തമാക്കിയ ആദ്യ കബഡി കളിക്കാരൻ കൂടിയാണ് മാനത്തി ഗണേശൻ.

തൂത്തുക്കുടി ജില്ലയിലെ ശ്രീ വൈകുണ്ഠത്തിനും തിരുച്ചെന്തൂരിനും ഇടയിലുള്ള കടക്കോടി പ്രദേശത്തെ ചെറിയ ഒരു ഗ്രാമമാണ് മാനത്തി. ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ കബഡി ടീമിന്റെ നെടുംതൂൺ ആയി മാറിയ ഗണേശനായിട്ടാണ് ധ്രുവ് വിക്രം അഭിനയിക്കുന്നത്.

ചിത്രത്തിനായി കബഡി പരിശീലിച്ച ധ്രുവ് വിക്രം കിടിലൻ ബോഡി ബിൽഡിങും നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. സമീർ നായർ, ദീപക് സെയ്ഗാൾ, പാ.രഞ്ജിത്ത്, അദിതി ആനന്ദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


മലയാളി താരം അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. ലാൽ, പശുപതി, രജിഷ വിജയൻ, ഹരികൃഷ്ണൻ, അഴകം പെരുമാൾ, കലൈയരശൻ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്രുവ് വിക്രം നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'ബൈസൺ'.

2020 ൽ പ്രഖ്യാപിച്ച ചിത്രം 2024 മെയ് മാസത്തിലാണ് ചിത്രീകരണം ആരംഭിച്ചത്. നിവാസ് കെ പ്രസന്നയാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം എഴിൽ അരസു കെ, എഡിറ്റിംഗ് ശക്തി തിരു. എന്നിവരാണ്.

dot image
To advertise here,contact us
dot image