നടൻ സിലമ്പരശൻ വീണ്ടും ഗായകനാവുന്നു. സുജിത്ത് സംവിധാനം ചെയ്യുന്ന പവൻ കല്ല്യാൺ ചിത്രത്തിന് വേണ്ടിയാണ് ചിമ്പു ഗാനം ആലപിക്കുന്നത്. എസ് തമൻ ആണ് ചിത്രത്തിന് ഗാനം ഒരുക്കുന്നത്. തമൻ തന്നെയാണ് തെലുങ്ക് ചിത്രത്തിനായി ചിമ്പു ഗാനം ആലപിക്കുന്നതായി പ്രഖ്യാപിച്ചത്.
'മാസ് റാമ്പേജ് ഉടൻ വരുന്നു' എന്ന അടിക്കുറിപ്പോടെ തമനും ചിമ്പുവും സംവിധായകനും നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ചിമ്പു തനിക്ക് വേണ്ടി ഗാനം ആലപിക്കുന്നതായി തമൻ പ്രഖ്യാപിച്ചത്. നേരത്തെ തമൻ സംഗീത സംവിധാനം നിർവഹിച്ച ദളപതി വിജയ് ചിത്രം വാരിസില്‍ 'തീ ദളപതി' ഗാനവും സിലമ്പരശൻ തന്നെയായിരുന്നു ആലപിച്ചത്.
'ഒജി' എന്ന് പേരിട്ടിരിക്കുന്ന പവൻ കല്ല്യാൺ ചിത്രം ഒരു പീരീഡ് ഗ്യാങ്സ്റ്റർ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി, പ്രകാശ് രാജ്, ശ്രിയ റെഡ്ഡി , അർജുൻ ദാസ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിലവിൽ കൃഷ് ജഗർലമുടി സംവിധാനം ചെയ്യുന്ന 'ഹരി ഹര വീര മല്ലു' എന്ന ചിത്രത്തിലാണ് പവൻ കല്ല്യാൺ അഭിനയിക്കുന്നത്.
ആക്ഷൻ അഡ്വഞ്ചറായി ഒരുങ്ങുന്ന ചിത്രവും ഒരു പീരീഡ് ചിത്രമാണ്. മുഗൾ കാലഘട്ടത്തിൽ കഥപറയുന്ന ചിത്രത്തിൽ ബോബി ഡിയോൾ ആണ് ഔറംഗസേബ് ആയി എത്തുന്നത്. നിധി അഗർവാൾ, നോറ ഫത്തേഹി, നർഗീസ് ഫക്രി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. എംഎം കീരവാണി സംഗീതം നൽകുന്ന ചിത്രം 2025 മാർച്ച് 28 ന് റിലീസ് ചെയ്യും.