ബച്ചന്റെ ശബ്ധത്തിന് പ്രകാശ് രാജ് വേണ്ട, എ.ഐ മതി; മാറ്റത്തിനൊരുങ്ങി 'വേട്ടയ്യന്‍' ?

33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനികാന്തും അമിതാഭ് ബച്ചനും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്.

dot image

സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം വേട്ടയ്യന്റെ പ്രീവ്യൂ കഴിഞ്ഞ ദിവസം നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. നടൻ പ്രകാശ് രാജായിരുന്നു പ്രീവ്യൂ വീഡിയോയിലെ രംഗങ്ങളില്‍ അമിതാഭ് ബച്ചന് വേണ്ടി ശബ്ദം നൽകിയത്. എന്നാൽ ഇതിനെതിരെ വലിയ വിമർശനങ്ങള്‍ ഉയര്‍ന്നു.

ഇരുവരുടെയും ശബ്ദം പ്രേക്ഷകര്‍ക്ക് സുപരിചിതമായതുകൊണ്ട് ബച്ചന് പ്രകാശ് രാജ് ശബ്ദം നല്‍കുന്നത് കല്ലുകടിയാകുന്നു എന്നായിരുന്നു പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെട്ടത്.

സിനിമയുടെ ആസ്വാദനത്തെ ഇത് ബാധിക്കുമെന്നുള്ള പ്രതികരണങ്ങൾ പുറത്തുവന്നതോടെ അതിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കഥാപാത്രത്തിന് എല്ലാ ഭാഷകളിലെയും ഡബ്ബിംഗിനായി അമിതാഭ് ബച്ചന്റെ സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കാൻ ഒരുങ്ങുന്നു എന്നാണ് വിവിധ ട്വിറ്റർ ട്രാക്കറുകൾ റിപ്പോർട്ട് ചെയ്യുന്നത്.

അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ നരേഷനിലൂടെയാണ് വേട്ടയ്യന്റെ പ്രീവ്യൂ ആരംഭിക്കുന്നത്. അമിതാഭ് ബച്ചനും രജനികാന്തും നേർക്കുനേർ വരുന്ന രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ് എന്നാണ് പ്രീവ്യൂ നൽകുന്ന സൂചന. സത്യദേവ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അമിതാഭ് ബച്ചന്റെ കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റർ വീഡിയോ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. അദ്ദേഹത്തിന്റെ മാസ് പ്രകടനത്തിന് സാക്ഷികളാകാൻ ക്ഷണിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ വീഡിയോ പങ്കുവെച്ചത്.

33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനികാന്തും അമിതാഭ് ബച്ചനും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്. മുമ്പ് ചില ഹിന്ദി ചിത്രങ്ങളിൽ അമിതാഭിനൊപ്പം രജനി അഭിനയിച്ചിരുന്നു. 1991ൽ പുറത്തിറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്

വേട്ടയ്യനില്‍ രജനിക്കൊപ്പം ബച്ചനെ കൂടാതെ മഞ്ജുവാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ, വിജെ രക്ഷൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒക്ടോബർ 10ന് ചിത്രം റിലീസ് ചെയ്യും. ടി.ജെ ജ്ഞാനവേലാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.

dot image
To advertise here,contact us
dot image