2024-ല്‍ നടക്കുന്ന യൂറോപ്യന്‍ GT4 ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തമിഴ് നടന്‍ അജിത്ത് കുമാര്‍ പദ്ധതിയിടുന്നതായി ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ് ഓഫ് ഇന്ത്യ (FMSCI)യുടെ പ്രഖ്യാപനം. യുകെയിലും യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും ഉള്ള ടീമുകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി എഫ്എംഎസ്സിഐ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അജിത്തിന്റെ പഴയ കാല റേസിങ് ചിത്രങ്ങള്‍ക്കൊപ്പമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
അജിത്തിനെ GT4 ലേക്ക് കൊണ്ടുവരാന്‍ തയ്യാറായി നിരവധി സ്‌പോണ്‍സേഴ്സാണ് രംഗത്തുള്ളതെന്നും FMSCI പറയുന്നു. അജിത്ത് റേസിങ്ങിലേക്ക് തിരിച്ചു വരവ് നടത്തുന്നു എന്നറിഞ്ഞതോടെ ആവേശത്തിലാണ് ആരാധകര്‍. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്.
Indian Film Actor, Ajith is keen on making a comeback to motor racing. He is planning on participating in the European GT4 championship in 2025. Negotiations are on with Teams based in the UK, Europe & Middle East.
— FMSCI (@fmsci) September 24, 2024
Sponsors too are excited and keen on him coming on board. pic.twitter.com/hGAF4ljhhc
ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്താണ് അജിത്ത് തന്റെ റേസിങ് ജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി റേസിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തെങ്കിലും സിനിമാ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കനായി മാറി നില്‍ക്കുകയായിരുന്നു. എങ്കിലും വാഹനങ്ങളോടും ബൈക്ക് യാത്രകളോടും റേസിങ്ങിനോടുമുള്ള തന്റെ ഇഷ്ടം അദ്ദേഹം കൈവിട്ടിരുന്നില്ല. സിനിമയ്‌ക്കൊപ്പം ഈ മേഖലകളിലും തന്റെ സാന്നിധ്്യം അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.
അതേസമയം, വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്‌ളി എന്നീ ചിത്രങ്ങളാണ് അജിത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം, അജിത്-അര്‍ജുന്‍-തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.
അദിക് രവിചന്ദ്രനൊരുക്കുന്ന ചിത്രമാണ് 'ഗുഡ് ബാഡ് അഗ്‌ളി'. ദേവിശ്രീ പ്രസാദ് സംഗീതസംവിധാനവും അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം വിജയ് വേലുക്കുട്ടിയാണ് എഡിറ്റ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രം 2025ല്‍ പൊങ്കല്‍ റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.