![search icon](https://www.reporterlive.com/assets/images/icons/search.png)
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ തിരക്കഥാകൃത്തുക്കളാണ് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും. നടന്മാർ കൂടിയായ ഇരുവരും 'വെടിക്കെട്ട്' എന്ന പേരിൽ ഒരു സിനിമയും സംവിധാനം ചെയ്തിരുന്നു.
ഇതിനിടെ ഇരുവരും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനായേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകളുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ബിബിൻജോർജ്. ബിബിൻ അഭിനയിച്ച പുതിയ ചിത്രമായ ബാഡ് ബോയ്‌സ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ സിനിമയെ കുറിച്ച് തുറന്നുപറഞ്ഞത്.
മോഹൻലാലുമായി സിനിമ ചെയ്യുന്നതിനായി തങ്ങൾ ആദ്യമൊരു തിരക്കഥ ഒരുക്കിയിരുന്നെന്നും എന്നാൽ ഈ കഥ മോഹൻലാലിന് ഇഷ്ടമായില്ലെന്നും ബിബിൻ ജോർജ് പറഞ്ഞു. എന്നാൽ ആ പദ്ധതി തങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നും പുതിയ കഥയുമായി തങ്ങൾ വീണ്ടും വരുമെന്നും ബിബിൻ അഭിമുഖത്തിൽ പറയുകയുണ്ടായി.
നേരത്തെ മോഹൻലാലിനെ നായകനാക്കി ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും എഴുതുന്ന തിരക്കഥ ഷാഫി സംവിധാനം ചെയ്യുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്ത ഷാഫി നിഷേധിച്ചിരുന്നു. മോഹൻലാലിന് വേണ്ടി ഒരു കഥ മനസിലുണ്ടെങ്കിലും അദ്ദേഹവുമായി ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും ഈ പ്രോജക്ട് നടക്കാൻ ആഗ്രഹിക്കാത്ത ആളുകളാണ് വാർത്തകൾ പ്രചരിപ്പിച്ചതെന്ന് തോന്നുന്നെന്നുമായിരുന്നു ഷാഫി പറഞ്ഞത്.
നിലവിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം, സത്യൻ അന്തിക്കാട് ചിത്രം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ. ഇതിനിടെ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.