ബോക്സ് ഓഫീസിൽ 87 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് ടൊവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണം'. ചിത്രത്തിന്റെ വിജയത്തിൽ സംവിധായകനെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടൻ നീരജ് മാധവ്. ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ആഘോഷിക്കപ്പെടേണ്ടതും സംസാരിക്കപ്പെടേണ്ടതും ആയ സിനിമയാണ് അജയന്റെ രണ്ടാം മോഷണമെന്നും ആദ്യ സിനിമയെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ ഉള്ള പ്രൊഡക്ഷൻ ക്വാളിറ്റിയും ക്രാഫ്റ്റുമാണ് സിനിമയുടേതെന്നും നീരജ് കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നീരജ് അഭിനന്ദന പോസ്റ്റ് പങ്കുവച്ചത്.
'ജിതിൻ, എനിക്ക് നിന്നെ കുഞ്ഞിരാമായണം മുതൽ പരിചയമുള്ളതാണ്. ബേസിലിന്റെ അസിസ്റ്റന്റ് ആയിരിക്കുമ്പോൾ തന്നെ ആദ്യം സ്വതന്ത്ര സംവിധായകനാകുന്നത് നീ ആയിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു നീണ്ട യാത്രയായിരുന്നു എന്നാൽ ഒടുവിലത്തിന് ഫലമുണ്ടായിരിക്കുന്നു. എആർഎമ്മിലൂടെ നീ ഞങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറം പോകുകയും ചിത്രത്തിനെ വേറെയൊരു ഘട്ടത്തിലേക്ക് ഉയർത്തുകയും ചെയ്തിരിക്കുന്നു. നിനക്ക് കൂടുതൽ വിജയങ്ങൾ നേരുന്നു' നീരജ് മാധവ് കുറിച്ചു.
'തല്ലുമാല' നേടിയ 47 കോടിയെ മറികടന്ന് ടൊവിനോയുടെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് 'അജയന്റെ രണ്ടാം മോഷണം. അഞ്ച് ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തില്‍ 50 കോടി കടന്നത്. ടൊവിനോയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ഏറെ നാളുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് ലഭിച്ച 3ഡി ചിത്രമെന്ന നിലയിൽ ഇരുകയ്യും നീട്ടിയാണ് എആർഎമ്മിനെ ഓണക്കാലത്ത് പ്രേക്ഷകർ വരവേറ്റത്.
അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് വേഷങ്ങളിൽ മികച്ച പ്രകടനമാണ് ചിത്രത്തിൽ ടൊവിനോ കാഴ്ചവച്ചിരിക്കുന്നത്. മണിയൻ എന്ന കഥാപാത്രത്തിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്.