
ബോക്സ് ഓഫീസിൽ തനിക്കുണ്ടായിരുന്ന സ്വാധീനത്തെ തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് നടൻ സൂര്യ. നിരവധി സിനിമകളാണ് സൂര്യയെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'സൂര്യ 44'ന്റെ ചിത്രീകരണ തിരക്കുകളിലാണ് സൂര്യ ഇപ്പോൾ. വെട്രിമാരനൊപ്പമുള്ള 'വാടിവാസൽ' ആകും ഇതിന് ശേഷമുള്ള അടുത്ത സൂര്യ ചിത്രമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. എന്നാൽ നടനും സംവിധായകനുമായ ആർജെ ബാലാജിക്കൊപ്പമാകും സൂര്യയുടെ അടുത്ത സിനിമയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
#Suriya45 will be directed by RJBalaji 👌💥
— AmuthaBharathi (@CinemaWithAB) September 23, 2024
To be backrolled by Dream Warrior pictures 🎬
RJBalaji few months back narrated a Story to ThalapathyVijay for T69, but that didn't materialize !!
Now he is committed to do a movie with #Suriya🤝 pic.twitter.com/oNHgXmz1xf
ദളപതി വിജയ്‌ക്കായി ആദ്യം എഴുതിയ കഥയാണ് ഇപ്പോൾ സൂര്യയിലേക്ക് എത്തിച്ചേർന്നതെന്നും വാർത്തകളുണ്ട്. ഡ്രീം വാര്യർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് ആർ പ്രകാശ്ബാബു, എസ് ആർ പ്രഭു എന്നിവരായിരിക്കും ചിത്രം നിർമിക്കുക. അനിരുദ്ധ് രവിചന്ദർ ആകും സിനിമക്കായി സംഗീതം ഒരുക്കുക. പുറത്തുവരുന്ന വാർത്തകൾ പ്രകാരം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്, ഷൂട്ട് നവംബറിൽ ആരംഭിക്കും. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
റേഡിയോ ജോക്കിയും ടിവി പ്രെസെന്ററുമായ ആർജെ ബാലാജി 'മൂക്കുത്തി അമ്മൻ' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നയൻതാര പ്രധാന വേഷത്തിൽ എത്തിയ 'മൂക്കുത്തി അമ്മൻ' ഒരു കോമഡി ഡ്രാമ ചിത്രമായിരുന്നു. തുടർന്ന് 2022ൽ ബോളിവുഡ് ചിത്രം 'ബധായ് ഹോ'യുടെ റീമേക്ക് ആയ 'വീട്ട്ല വിശേഷം' എന്ന ചിത്രവും ആർ ജെ ബാലാജി സംവിധാനം ചെയ്തിരുന്നു. അതേ സമയം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'യാണ് സൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. നവംബർ 14ന് റിലീസിനെത്തുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് 'കങ്കുവ' ഒരുങ്ങുന്നത്.
കാർത്തിക്ക് സുബ്ബരാജ് ചിത്രം 'സൂര്യ 44' പുറത്തിറങ്ങാനുള്ള മറ്റൊരു സൂര്യ ചിത്രം. സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന് ചിത്രമാണ് 'സൂര്യ 44'. 'ലവ് ലാഫ്റ്റര് വാർ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ. വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങുന്ന 'വാടിവാസ'ലും സൂര്യ ചിത്രങ്ങളിൽ പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 'വിടുതലൈ' രണ്ടാം ഭാഗത്തിന്റെ ഷൂട്ട് പൂർത്തിയായതിന് ശേഷം 'വാടിവാസ'ലിന്റെ ചിത്രീകരണത്തിലേക്ക് കടക്കുമെന്ന് വെട്രിമാരൻ മുൻപ് പറഞ്ഞിരുന്നു.