പുലർച്ചെയുള്ള ഫാൻസ് ഷോകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് ആവശ്യമുന്നയിച്ച് തമിഴ്‌നാട് തിയേറ്റേഴ്സ് അസോസിയേഷൻ. പുലർച്ചെ 4 മണിക്കുള്ള ഷോ പുനരാരംഭിക്കണമെന്ന് നിരവധി ആരാധക സംഘടനകൾ അസോസിയേഷനോട് അഭ്യർത്ഥിച്ചിരുന്നെന്നും സർക്കാരിന് നൽകിയ അപേക്ഷയിൽ തിയേറ്റേഴ്‌സ് അസോസിയേഷൻ പറയുന്നു. നിലവിൽ തമിഴ്‌നാട്ടിൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് രാവിലെ 9 മണിക്കാണ് ആദ്യ ഷോ അനുവദിക്കുന്നത്.
ഇതിന് പുറമെ ടിക്കറ്റ് റേറ്റുകൾ വർധിപ്പിക്കാനും സർക്കാരിനോട് തിയേറ്ററുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 220 രൂപയാണ് പരമാവധി തുക. ഈ തുക 250 രൂപയിലേക്കെങ്കിലും ഉയർത്തണമെന്നാണ് അസോസിയേഷൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇത് സിനിമ വ്യവസായത്തിന് സാമ്പത്തികമായി ഗുണം ചെയ്യുമെന്നാണ് അസോസിയേഷൻ വിലയിരുത്തുന്നത്.
നിലവിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഒടിടിയിൽ റിലീസ് ചെയ്യുന്നതിന് 8 ആഴ്ചത്തെ നിയന്ത്രണ കാലയളവ് ഏർപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തിൽ അന്തിമ തീരുമാനം സർക്കാരിന്റേതാണെന്നും ഈ ആവശ്യങ്ങളിൽ ഉടനടി നടപടി സ്വീകരിക്കണമെന്നും തിയേറ്റർ ഉടമകൾ അഭ്യർത്ഥിച്ചു.
വിഷയത്തിൽ സർക്കാർ അനുകൂല തീരുമാനമെടുത്താൽ നിരവധി താരങ്ങളുടെ സിനിമകൾക്ക് പുലർച്ചെയുള്ള ഷോകൾക്ക് അനുമതി ലഭിക്കും. നേരത്തെ വിജയ് ചിത്രം ഗോട്ടിന് 4 മണിക്കുള്ള ഷോയ്ക്കായി നിർമാതാക്കൾ അപേക്ഷിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ആദ്യ ഷോകള്‍ക്ക് ശേഷമായിരുന്നു തമിഴ്‌നാട്ടിൽ ചിത്രം റിലീസ് ചെയ്തത്.